ദേശീയപാതയിൽ ചരക്കുവാഹനങ്ങളുടെ രാത്രിയാത്ര തോന്നുംമട്ടിൽ
1580965
Sunday, August 3, 2025 7:14 AM IST
വടക്കഞ്ചേരി: റോഡപകടങ്ങൾ ഒഴിവാക്കുക, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയവ മുൻനിർത്തിയുള്ള ലൈൻ ട്രാഫിക് വാളയാർ മുതൽ ചേർത്തല വരെയുള്ള റോഡിൽ കർശനമാക്കിയിട്ടുണ്ടെന്ന് ഇടക്കിടെ മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും അതൊന്നും ചരക്ക് വാഹനങ്ങൾ ഓടിക്കുന്നവർ ചെവികൊള്ളുന്നില്ല.
പ്രത്യേകിച്ച് അന്യസംസ്ഥാന ചരക്ക് വാഹനങ്ങളാണ് വടക്കഞ്ചേരി -മണ്ണുത്തി ആറുവരി ദേശീയപാതയിൽ തോന്നും മട്ടിൽ പോകുന്നത്. രാത്രിയായാൽ യാത്രാവാഹനങ്ങളുടെ വഴിമുടക്കിയാണ് മൂന്ന് വരി പാതയിലൂടെയും ചരക്കുവാഹനങ്ങൾ നിരയായി പോവുക. ഒരു ദിശയിലേക്കുള്ള മൂന്ന് വരി പാതയിൽ ഇടത്പാത പല ഭാഗത്തും ചരക്കുലോറികളുടെ പാർക്കിംഗിനായാണ് ഉപയോഗിക്കുന്നത്. ഇതുമൂലം അത്യാവശ്യങ്ങൾക്ക് പോകുന്ന യാത്രക്കാർ പിറകിലൂടെ പോകേണ്ട സ്ഥിതിയാണ്. എല്ലാ റോഡുകളിലും കീപ്പ് ലെഫ്റ്റ് നടപ്പിലാക്കാൻ ലക്ഷ്യം വച്ചായിരുന്നു 2023 ജനുവരിയിൽ പന്നിയങ്കരയിൽ വച്ച് ലൈൻ ട്രാഫിക് പദ്ധതി ആരംഭിച്ചത്.
ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് സ്ഥലത്ത് എത്തിയാണ് അന്ന് പദ്ധതി ഉദ്ഘാടനം ചെയ്തത്. വേഗത കുറഞ്ഞ വാഹനങ്ങൾ പാതയുടെ ഇടത് ഭാഗത്തെ ലൈനിലൂടെയും വേഗത കൂടിയവ വലത് ട്രാക്കിലൂടെയും പോകണം. സ്പീഡ് ലൈൻ മറ്റൊരു വാഹനത്തെ മറിക്കടക്കാൻ മാത്രം ഉപയോഗിക്കുക എന്നതായിരുന്നു വടക്കഞ്ചേരി - മണ്ണുത്തി ആറ് വരി പാതയിലുള്ള നിർദേശം. ഒരു മാസത്തിനുള്ളിൽ തന്നെ ട്രാഫിക് നിയമങ്ങൾ പൂർണമായും പാലിച്ചുകൊണ്ടുള്ള വാഹനഗതാഗതം ദേശീയപാതയിൽ നടപ്പിലാക്കും.
അങ്ങനെ ഉറപ്പുകൾ പലതുമുണ്ടായി. ഇപ്പോഴും വേഗതകുറഞ്ഞ ചരക്കുലോറികൾ സ്പീഡ് ലൈനിലൂടെയാണ് പോകുന്നത്. ലൈൻ കീപ്പ് ചെയ്ത് വാഹനം ഓടിക്കണമെന്ന നിർദേശങ്ങളും പാതകളിൽ പാലിക്കപ്പെടുന്നില്ല. സിഗ്നൽപോലും നൽകാതെ ചരക്കുവാഹനങ്ങൾ ലൈൻ മാറുന്നതും അപകടങ്ങൾ ഉണ്ടാക്കുന്നുണ്ട്.
ലൈൻ ട്രാഫിക് സംവിധാനം നടപ്പിലാക്കിയിട്ടുള്ള വടക്കഞ്ചേരി വഴിയുള്ള വാളയാർ-ചേർത്തല പാതയിൽ വാഹനം ഓടിക്കുന്നവർക്കായി ഇടക്ക് ലഘുലേഖകളെങ്കിലും വിതരണം ചെയ്താൽ കുറച്ചെങ്കിലും വാഹനങ്ങൾ ലൈൻ ട്രാഫിക്കും കീപ്പ് ലെഫ്റ്റും പാലിച്ച് പോകുമായിരുന്നെന്നാണ് ചൂണ്ടിക്കാട്ടുന്നത്.