ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കും: കേരള കർഷകസംരക്ഷണ സമിതി
1580594
Saturday, August 2, 2025 12:52 AM IST
കൊല്ലങ്കോട്: നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നെൽവില നൽകാത്ത സപ്ലൈകോയുടേയും സർക്കാരിന്റെയും കർഷക ദ്രോഹ നടപടികൾക്കെതിരെ കർഷകദിനം കരിദിനമായി ആചരിക്കാൻ കേരള കർഷകസംരക്ഷണ സമിതി യോഗം തീരുമാനിച്ചു. രണ്ടാംവിളയിലെ നെല്ലളന്ന അവസാനത്തെ കർഷകനും വില ലഭ്യമാകുന്നതുവരെ കടുത്ത പ്രതിഷേധസമരങ്ങളിലേക്ക് നീങ്ങുവാൻ കർഷകർ നിർബന്ധിതരായിരിക്കയാണ്.
നിലവിലെ സ്ഥിതിയനുസരിച്ച് ഓണത്തിന്നു മുമ്പായിപോലും കർഷകർക്ക് പണം ലഭിക്കുമെന്ന് ഉറപ്പില്ല. നെല്ലുസംഭരണത്തിലെ ചാക്കു നൽകുന്നതു മുതൽ നെൽവില ലഭിക്കുന്നതുവരെ ഓരോഘട്ടത്തിലും കർഷകരെ ദ്രോഹിക്കുന്ന നടപടിയിൽ പ്രതിഷേധാർഹമാണ്. താങ്ങുവില വർധിപ്പിക്കാത്തതും സംസ്ഥാന സർക്കാർ നൽകി വന്നിരുന്ന ഇൻസെന്റീവ് കഴിഞ്ഞ നാലുവർഷം തുടർച്ചയായി വെട്ടിക്കുറയ്ക്കുന്നതും കാർഷികമേഖലയിലെ പ്രതിസന്ധി കൂട്ടിയിരിക്കുകയാണ്.
രാസവള വിലവർധനയും ക്ഷാമവും കേരളത്തിന് അർഹതപ്പെട്ട വെള്ളം മുഴുവൻ നേടിയെടുക്കുന്നതിനായി പറമ്പിക്കുളം-ആളിയാർ കരാർ പുതുക്കുന്നതിന് മുൻകൈയെടുക്കാത്തത് സർക്കാരിന്റെ നിരുത്തരവാദപരമായ നടപടിയാണ്. കാട്ടാന, കാട്ടുപന്നി തുടങ്ങിയ വന്യമൃഗാക്രമണങ്ങൾക്കു ശാശ്വതപരിഹാരം കാണാതെ പരസ്പരം പഴിചാരി ഒഴിഞ്ഞുമാറുന്നതാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാട്. കർഷകനും സിനിമാനടനുമായ കൃഷ്ണപ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി. വിജയൻ അധ്യക്ഷത വഹിച്ചു.