തൃത്താല ബ്ലോക്കിൽ വനിതകൾക്കു സൗജന്യ കൗൺസലിംഗിനായി "പെണ്ണിടം' തുറന്നു
1580583
Saturday, August 2, 2025 12:51 AM IST
തൃത്താല: തൃത്താല ബ്ലോക്ക് പഞ്ചായത്തിൽ വനിതകൾക്ക് സൗജന്യ കൗണ്‍സലിംഗിനായി പെണ്ണിടമൊരുങ്ങി. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനോടുചേർന്ന കെട്ടിടത്തിലാണ് പെണ്ണിടം സജ്ജീകരിച്ചിട്ടുള്ളത്.
ബ്ലോക്ക് പഞ്ചായത്തിന്റെ 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷം രൂപയോളം വിനിയോഗിച്ചാണ് ആദ്യത്തെ കൗണ്‍സിലിംഗ് കേന്ദ്രം യാഥാർഥ്യമാക്കിയത്.
സ്ത്രീകൾ നേരിടുന്ന മാനസിക പിരിമുറുക്കങ്ങൾക്ക് ആശ്വാസം നൽകുന്നതോടൊപ്പം ശാരീരിക മാനസിക ഉല്ലാസം നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി വനിതകൾക്ക് വായനാമൂലയും ഫിറ്റ്നസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മുലയൂട്ടുന്ന അമ്മമാർക്ക് പ്രത്യേക മുറിയും ഇൻസിനറേറ്റർ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. വനിതാ സൗഹൃദ കേന്ദ്രമായ പെണ്ണിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവഹിച്ചു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.പി. റജീന അധ്യക്ഷയായി.വൈസ് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി, സ്ഥിരംസമിതി അധ്യക്ഷർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷാനിബ ടീച്ചർ, അനു വിനോദ് എന്നിവർ പ്രസംഗിച്ചു.