വടക്കഞ്ചേരിക്കാർക്ക് രാത്രിയാത്ര പേടിസ്വപ്നം
1581098
Monday, August 4, 2025 1:11 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി ടൗണിലൂടെ രാത്രികാലങ്ങളിൽ യാത്രചെയ്യുന്നവർ ശ്രദ്ധിക്കണം. നായ്ക്കൾ കൂട്ടത്തോടെ കുരച്ചുചാടും.
വാഹനങ്ങൾക്കു പിന്നാലെ കുരച്ച് പാഞ്ഞെത്തും. ഒന്നും രണ്ടും എണ്ണമല്ല. എട്ടും പത്തും എണ്ണംവരുന്ന കൂട്ടങ്ങളാണ് ഓടിയെത്തുക. വാഹനത്തിനുചുറ്റുംനിന്ന് കുരച്ച് യാത്രികരെ പേടിപ്പെടുത്തും.
കാറുകൾക്ക് മുകളിൽ കയറിയും നായ്ക്കൾ ഭീഷണി ഉയർത്തും. പുതിയ കാറാണെങ്കിൽ നായ്ക്കൾ മാന്തി കേടുവരുത്തും.
കുറേസമയം കാറിലിരുന്ന് നായ്ക്കൾ പിൻമാറിയാൽ മാത്രമേ ഡോർതുറന്ന് പുറത്ത് ഇറങ്ങാനാകു. ചെറുപുഷ്പം ജംഗ്ഷനിലും റോയൽ ജംഗ്ഷൻ റോഡിലും ഗ്രാമം റോഡിലും കിഴക്കഞ്ചേരി റോഡിലും സുനിതാ മുക്കിലും ബസ്റ്റാൻഡിലും കരയങ്കാട് കവലയിലുമൊക്കെയുണ്ട് നായ്ക്കൂട്ടങ്ങൾ. ടൗണിൽ നായപിടുത്തം നടക്കുന്നുണ്ടെങ്കിലും മികതും കെണികളിൽ വീഴുന്നില്ല. വാക്സിനേഷൻ നൽകി ഇവയെ വീണ്ടും അതേസ്ഥലത്ത് വിടുന്നത് ഒഴിവാക്കണമെന്നാണ് ആവശ്യമുയരുന്നത്.
വന്ധ്യംകരണം നടത്തി നായ്ക്കളെ പാർപ്പിക്കാൻ പഞ്ചായത്ത്തലത്തിൽ ഷെൽറ്ററുകൾ സ്ഥാപിക്കണമെന്ന നിർദേശം നടപ്പിലാക്കണമെന്ന ആവശ്യവും ശക്തമാണ്.
അതല്ലെങ്കിൽ എല്ലാവർഷവും ഇവയെ പിടികൂടി വാക്സിനേഷൻ നൽകുന്നത് പ്രായോഗികമല്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.