കുഴിയും കുരുക്കും; വടക്കഞ്ചേരി മേഖലയിൽ യാത്ര ദുഷ്കരം
1581088
Monday, August 4, 2025 1:09 AM IST
വടക്കഞ്ചേരി: മേഖലയിൽ സംസ്ഥാനപാത, പഞ്ചായത്ത് റോഡുകൾ എന്നീ വ്യത്യാസമില്ലാതെ എല്ലാ റോഡുകളും തകർന്നു. ദേശീയപാതയിലെ കുരുക്കുകൾക്കും ശമനമില്ല. കുഴികളിൽ നിന്നും കുഴികളിലേക്ക് ഇറങ്ങി കയറി വേണം എത്ര അത്യാവശ്യങ്ങൾക്കുള്ള വാഹനങ്ങൾക്കും കടന്നുപോകാൻ. നിശ്ചിത സമയത്ത് എത്തേണ്ട കാര്യങ്ങൾക്ക് ഏറെ മണിക്കൂറുകൾക്കു മുമ്പ് യാത്ര ആരംഭിക്കേണ്ട ഗതികേടിലാണ് ജനങ്ങളിപ്പോൾ.
വാഹനങ്ങൾ കേടുവന്ന് ഈ മഴക്കാലം വാഹന ഉടമകൾക്ക് വലിയ സാമ്പത്തിക നഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. കുഴികളിൽ ചാടി വാഹനം കേടുവന്നും വാഹനങ്ങൾ തമ്മിൽ ഉരസിയും ഇടിച്ചുമൊക്കെ നിരവധി കേസുകളാണ് ഉണ്ടാകുന്നത്. എന്നാൽ വാഹനം ഓടിക്കാനാകാത്ത വിധം റോഡ് തകർന്ന് കിടക്കുമ്പോഴും റോഡ് ടാക്സ് അടക്കാത്തവരെ പിടികൂടലിന് കുറവില്ല. ഹെൽമറ്റ് ധരിക്കാത്തവരെ പിടികൂടി പോലീസും ക്വാട്ട തികക്കുന്നുണ്ട്.
വാഹന കുരുക്കുകളിൽപ്പെട്ട് യാത്ര തുടരാനാകാത്ത സ്ഥിതി ദേശീയപാതകളിൽ തുടരുമ്പോൾ ടോൾ കമ്പനികൾ നടത്തുന്ന പിരിവ് നിർത്തിവെപ്പിക്കണമെന്ന ജനങ്ങളുടെ ആവശ്യം ചെവികൊള്ളാനും ഭരണ സംവിധാനങ്ങളില്ല. ദേശീയപാതയിൽ വാണിയംപാറ മുതൽ ചാലക്കുടി വരെയുള്ള ഭാഗത്ത് മാത്രം ആറിടത്താണ് ഒരേ സമയം വാഹനങ്ങൾ തടഞ്ഞ് മേൽപ്പാലങ്ങളുടെയും മറ്റും പണികൾ നടക്കുന്നത്. ആധുനിക യന്ത്രസംവിധാനങ്ങളില്ലാതെ ഒച്ചിഴയും മട്ടിലാണ് പണികൾ. മേൽപ്പാലങ്ങളുടെ നിർമാണം പൂർത്തിയാകാൻ എത്ര കാലം വേണ്ടിവരും എന്നൊക്കെ കണ്ടറിയേണ്ടി വരും.
ഇവിടെയെല്ലാം സർവീസ് റോഡുകൾ വഴി വേണം ആയിരകണക്കിന് വരുന്ന വാഹനങ്ങൾക്ക് ഇരു ദിശകളിലേക്കും പോകാൻ. ഈ സർവീസ് റോഡുകളെങ്കിലും കുഴികളില്ലാത്ത വിധം നിരപ്പുള്ളതാക്കിയിരുന്നെങ്കിൽ വാഹന യാത്രികർക്ക് ഏറെ ആശ്വാസകരമായിരുന്നു. എന്നാൽ അതിന് നിർദേശം നൽകാൻ പോലും സംവിധാനമില്ലാത്ത വിധമാണ് കാര്യങ്ങൾ.