മികവിന്റെ കേന്ദ്രമായി ഒറ്റപ്പാലം സർക്കാർ ബധിര വിദ്യാലയം
1581100
Monday, August 4, 2025 1:11 AM IST
ഒറ്റപ്പാലം: വിദ്യാലയത്തിന്റെ ഭൗതിക അക്കാദമിക് നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഒറ്റപ്പാലം സർക്കാർ ബധിര വിദ്യാലയത്തിൽ നടപ്പാക്കുന്ന മികവിന്റെ കേന്ദ്രം പദ്ധതിയുടെ ഉദ്ഘാടനം അഡ്വ.കെ. പ്രേംകുമാർ എംഎൽഎ നിർവഹിച്ചു.
വിദ്യാലയത്തിലെ കുട്ടികളുടെ പാർക്കിന് മേൽക്കൂര നിർമിക്കാൻ എംഎൽഎ ഫണ്ടിൽനിന്നും അഞ്ചുലക്ഷംരൂപ അനുവദിച്ചതായി എംഎൽഎ അറിയിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2024- 25 വർഷത്തെ പ്ലാൻ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ച് അക്കാദമിക്, ഭൗതികം, സാമൂഹ്യം, സൗന്ദര്യവത്കരണം എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചാണ് പദ്ധതികൾ യാഥാർഥ്യമാക്കുന്നത്. അക്കാദമിക് നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി ഫിസിക്സ്, കന്പ്യൂട്ടർ, സ്പീച്ച് ലാബുകളും ഓഡിയോളജി, ലൈബ്രറി മുറികളും നവീകരിച്ചു.
ശ്രവണ വൈകല്യമുള്ള കുട്ടികൾക്ക് ഗ്രൂപ്പ് ഹിയറിംഗ് സിസ്റ്റം ഉപയോഗിച്ചുള്ള പ്രവർത്തനവും ഓഡിയോഗ്രാം നടത്താനുള്ള പ്രാഥമിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് വേണ്ടി കളിസ്ഥലം, പ്രത്യേക പാർക്ക്, ലോംഗ് ജംപ് പിറ്റ് എന്നിവ തയാറാക്കി വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യവും മെച്ചപ്പെടുത്തി. കൂടാതെ വിദ്യാലയത്തിലെ ചുമരുകൾ വർണചിത്രങ്ങളാലും മനോഹരമാക്കി.
പഠനത്തോടൊപ്പം കുട്ടികൾക്ക് സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി തയ്യൽ പരിശീലനവും വിദ്യാലയത്തിനോടുചേർന്ന് നടത്തുന്നുണ്ട്. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമാണ് തയ്യൽ പരിശീലനം നൽകുന്നത്. പരിശീലനം ലഭിച്ച രക്ഷിതാക്കളാണ് ഈ വർഷത്തെ വിദ്യാർഥികളുടെ യൂണിഫോം തയാറാക്കിയത് എന്നതു പദ്ധതിയുടെ വിജയമാണ്.
30 സെന്റിൽ വിപുലമായ കൃഷിയിടവും വിദ്യാലയത്തിൽ മികവിന്റെ കേന്ദ്രം പദ്ധതിയുടെ ഭാഗമായി നടത്തി വരുന്നുണ്ട്. വാഴത്തോട്ടം തക്കാളി, പച്ചമുളക്, വഴുതനങ്ങ, ചേന, ചേന്പ് തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്തു വിദ്യാലയത്തിലെ ഉച്ചഭക്ഷണത്തിനു പ്രയോജനപ്പെടുത്തും.
ഒറ്റപ്പാലം നഗരസഭ ചെയർപേഴ്സണ് ജാനകീദേവി അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷൻ അബ്ദുൾ നാസർ, വാർഡ് കൗണ്സിലർ മണികണ്ഠൻ, സ്കൂൾ പ്രധാന അധ്യാപിക മിനികുമാരി, പ്രിൻസിപ്പൽ ലബീന, പിടിഎ പ്രസിഡന്റ് ശിവശങ്കരൻ, സ്റ്റാഫ് സെക്രട്ടറി സാജിത, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർഥികൾ തയാറാക്കിയ കരകൗശല വസ്തുക്കളുടെ പ്രദർശനവും നടത്തി.