അട്ടപ്പാടിയിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അദാലത്ത്
1580956
Sunday, August 3, 2025 7:14 AM IST
അഗളി: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അട്ടപ്പാടി മേഖലയുടെ സമഗ്രവികസനത്തിനായി രൂപകൽപ്പന ചെയ്ത ‘തുണൈ' കർമപദ്ധതിയുടെ ഭാഗമായി അദാലത്ത് നടത്തി. അട്ടപ്പാടി വട്ട്ലക്കി കോ-ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി ഹാൾ ഓഫ് ഹാർമണിയിൽ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ 139 പരാതികൾ ലഭിച്ചു.
ഇതിൽ 100 പരാതികൾ ജില്ലാ കളക്ടർ നേരിട്ട് പരിശോധിച്ച് നടപടികൾ സ്വീകരിച്ചു. 39 പരാതികൾ ആവശ്യമായ നിർദേശങ്ങൾ നൽകി തുടർനടപടിക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് ജില്ലാ കളക്ടർ കൈമാറി.
ജില്ലാകളക്ടറുടെ നേതൃത്വത്തിൽ ജില്ലാതല ഉദ്യോഗസഥർ അടങ്ങുന്ന സംഘം ഓരോമാസവും ബന്ധപ്പെട്ട ഓരോ ഗ്രാമപഞ്ചായത്തുകളിൽ നേരിട്ടെത്തി മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് ജനപ്രതിനിധികളുടെ പങ്കാളിത്തതോടെ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് തുണൈ അദാലത്ത് നടത്തുന്നത്.
പ്രദേശത്ത് നടപ്പിലാക്കുന്ന വികസനപദ്ധതികളുടെ അവലോകനം, ഉന്നതികളുടെ ചുമതല ഉദ്യോഗസഥർക്ക് നൽകുകയും അവ സന്ദർശിച്ച് വികസന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ കുടുംബാധിഷ്ഠിത മൈക്രോപ്ലാനുകൾ വിവിധ പദ്ധതികളുടെ സംയോജനത്തോടെ തയ്യാറാക്കുക, നിർവഹണം നടത്തുക എന്നിവയാണ് തുണെെ കർമപദ്ധതിയുടെ ഭാഗമായി വരുന്നത്.
പരിപാടിയിൽ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, അഗളി ഗ്രാമപഞ്ചായത് പ്രസിഡന്റ് അംബിക ലക്ഷ്മണൻ, ഷോളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂർത്തി, പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനിൽകുമാർ, സബ് കളക്ടർ മിഥുൻ പ്രേംരാജ്, അസിസ്റ്റന്റ് കളക്ടർ രവി മീണ, പുതൂർ, ഷോളയൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ജില്ലാ തല ഉദ്യോഗസ്ഥരും പങ്കെടുത്തു.