കുഞ്ചൻ നമ്പ്യാർ സ്മാരകം തകർച്ചയിലേക്ക്
1581092
Monday, August 4, 2025 1:09 AM IST
ഒറ്റപ്പാലം: കുഞ്ചൻ നമ്പ്യാർ സ്മാരകം തകർച്ചയിലേക്ക്...? വിശ്വമഹാകവി കുഞ്ചൻ നമ്പ്യാർ ജനിച്ച കലക്കത്ത് ഭവനമാണ് ജീർണാവസ്ഥയിൽ തകർച്ചാഭീഷണി നേരിടുന്നത്. ബലക്ഷയം ബാധിച്ച മേൽകൂരയും, ജീർണിച്ച ചുമരുകളും ഏത് നിമിഷവും നിലംപൊത്തിയേക്കാം.
ദേശീയ സ്മാരകമെന്ന് ഖ്യാതിയുള്ള കുഞ്ചൻ സ്മാരകത്തിനാണ് ഈ ദുർഗതി. സുരക്ഷ പരിഗണിച്ച് സ്മാരകം സന്ദർശിക്കുന്നതിന്ന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ചോർന്നൊലിക്കുന്ന മേൽക്കൂരയും അടർന്നു നിൽക്കുന്ന ചുമരുകളും സ്മാരകത്തിന്റെ ദുർഗതിയെ തുറന്നു കാണിക്കുകയാണ്. മേൽക്കൂരയിൽ പല സ്ഥലത്തും പ്ലാസ്റ്റിക് കെട്ടിയാണു ചോർച്ച തടയുന്നത്. കെട്ടിടത്തിന്റെ ശോച്യാവസ്ഥയെ തുടർന്നാണ് സ്മാരകത്തിൽ സന്ദർശകർക്കു വിലക്കേർപ്പെടുത്തിയത്.
2024ലെ ബജറ്റിൽ അനുവദിച്ച 1.96 കോടി രൂപയുടെ സഹായം കാത്തിരിക്കുകയാണു ഭരണസമിതി. ആദ്യ ഗഡു ഉടൻ ലഭിക്കുമെന്നും അതു ലഭ്യമാകുന്ന മുറയ്ക്കു കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി ആരംഭിക്കുമെന്നുമാണ് സെക്രട്ടറി എൻ.എം. നാരായണൻ നമ്പൂതിരി പറയുന്നത്. സ്മാരകത്തിൽ പ്രവർത്തിക്കുന്ന കലാപീഠത്തിൽ തുള്ളൽ, മോഹിനിയാട്ടം, മൃദംഗം, ശാസ്ത്രീയ സംഗീതം എന്നീ കലാവിഭാഗങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട്.
സാംസ്കാരിക വകുപ്പ് അനുവദിക്കുന്ന 5 ലക്ഷം രൂപയുടെ ഗ്രാൻഡ് ഉപയോഗിച്ചാണു സ്മാരകത്തിന്റെ പ്രവർത്തനം. 5 മാസത്തിലധികമായി ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളം മുടങ്ങിയിരിക്കുകയാണ്. സ്മാരകം സന്ദർശിക്കാനെത്തുന്നവരിൽ നിന്നു പിരിച്ചെടുക്കുന്ന സന്ദർശക ഫീസാണ് അടിസ്ഥാന കാര്യങ്ങൾക്കു ചെലവഴിക്കുന്നത്.