കിഴക്കഞ്ചേരി,കണച്ചിപരുത, വചനഗിരി പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ച് വ്യാപകം
1580593
Saturday, August 2, 2025 12:52 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിലെ കണച്ചിപരുത പ്രദേശത്ത് രാക്ഷസഒച്ച് എന്നറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ച് വ്യാപകമാകുന്നു. വീടുകളുടെ ചുമരുകളിലും മതിലുകളിലും ചെടികൾ, വാഴ തുടങ്ങി എവിടേയും ഇവ കൂട്ടമായാണ് പറ്റിപ്പിടിച്ചിരിക്കുന്നത്. പേരുപോലെതന്നെ വലു താണ് ഈ ഒച്ചുകൾ. മണിക്കൂറുകൾകൊണ്ട് ഇവ ചെടികൾ തിന്നുതീർക്കും. കൂട്ടങ്ങളെത്തിയാൽ വാഴത്തോട്ടങ്ങൾവരെ ഇല്ലാതാകും.
എന്തുംതിന്നുന്ന ഒരുതരം ക്ഷുദ്രജീവിയാണിത്. വചനഗിരി പള്ളിക്കു മുന്നിലുള്ള ഓക്സിജൻ പ്ലാന്റിൽ വലിയ കൂട്ടമായാണ് ഇവയെ കാണുന്നത്. ചുമരിൽ കാഷ്ഠിച്ചും കൂടിയിരുന്നും കണ്ടാൽ തന്നെ ഏറെ അറപ്പ് ഉണ്ടാക്കും. ഇവയുടെ ശ്രവമോ കാഷ്ഠമോ മനുഷ്യശരീരത്തിലായാൽ ചിലർക്ക് അലർജിയും അസ്വസ്ഥതകളും ഉണ്ടാകുന്നുണ്ട്. തലവേദന, പനി തുടങ്ങിയവരും കാണപ്പെടുന്നു. ചൊറിച്ചിൽ ഉണ്ടാവുകയും അതു വ്രണമായി പഴുക്കുന്ന സ്ഥിതിയുമുണ്ട്. ആസ്മയും കുട്ടികൾക്ക് അലർജി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പറയുന്നു.
ചത്താലുള്ള ചീഞ്ഞമണവും ഏറെ അസഹനീയമാണെന്ന് കണച്ചിപരുത പള്ളിക്കടുത്തെ വാളിപ്ലാക്കൽ ജോണി പറഞ്ഞു. നല്ല വെയിലുള്ള സമയം ഇവ കുഴിയുണ്ടാക്കി മണ്ണിനടിയിൽ കഴിയും. രാത്രികാലങ്ങളിലും മഴസമയത്തുമാണ് പുറത്തിറങ്ങുക. ഇവയുടെ പെരുപ്പവും അതിവേഗത്തിലാണ്. ഉപ്പ്, ബ്ലീച്ചിംഗ് പൗഡർ, തുരിശും പുകയിലയും ചേർത്ത മിശ്രിതം തുടങ്ങിയ ഉപയോഗിച്ചാണ് ഇവയെ നശിപ്പിക്കുന്നതെങ്കിലും പറമ്പുകളിലും വീടിനു ചുറ്റുമെല്ലാം നിറയുന്നതിനാൽ നശിപ്പിക്കലും പ്രായോഗികമാകുന്നില്ല. ചാക്ക് കണക്കിന് ഉപ്പ് വാങ്ങി വിളകളെ സംരക്ഷിക്കുന്നവരുമുണ്ട്. ആനശല്യത്തിനു പുറമെയാണ് പുതിയ ഭീഷണി കൂടി വന്നിട്ടുള്ളതെന്ന് ഓക്സിജൻ പ്ലാന്റ് ഉടമ ചാലക്കൽ പീറ്റർ പറഞ്ഞു. വന്യമൃഗഭീഷണി ഉൾപ്പെടെ ഒരു വിധത്തിലും ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ് നാട്ടിലുണ്ടാകുന്നത്.
കഴിഞ്ഞവർഷം ഇവിടെ അടുത്ത് പിട്ടുകാരികുളമ്പ് ഭാഗത്ത് ഇവയെ കാണപ്പെട്ടിരുന്നു. എന്നാൽ ഈ മഴക്കാലത്തോടെയാണ് വചനഗിരി ഭാഗത്തേക്ക് വ്യാപകമായിട്ടുള്ളതെന്ന് ജോണി പറഞ്ഞു. ഈ പ്രദേശത്ത് ഇവ എങ്ങനെ എത്തി എന്നതിന് ഇപ്പോഴും വ്യക്തതയില്ല. ഇവയെ തുരത്തുന്നതിനും ഉറവിടങ്ങൾ നശിപ്പിക്കുന്നതിനുമുള്ള നടപടികൾ ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.