വടക്കഞ്ചേരി ടൗണിൽ തെരുവുനായ്ക്കൾക്കു കുറവില്ല
1580592
Saturday, August 2, 2025 12:52 AM IST
വടക്കഞ്ചേരി: പേവിഷബാധയുള്ള നായ്ക്കൾ ഉൾപ്പെടെ വടക്കഞ്ചേരി ടൗണിൽ അലഞ്ഞുനടക്കുമ്പോഴും നായ്പിടുത്തം കാര്യക്ഷമമാകുന്നില്ലെന്ന് പരാതി. കൂട്ടങ്ങളായാണ് ടൗണിലെ ചെറിയ റോഡുകളിലെല്ലാം നായ്ക്കൾ കറങ്ങുന്നത്. പിഞ്ചു കുട്ടികൾ ഉൾപ്പെടെ പഠിക്കുന്ന ടൗണിലെ ചെറുപുഷ്പം സ്കൂൾ കോമ്പൗണ്ടിലും നായ്ക്കൂട്ടങ്ങളുണ്ട്.
വന്ധ്യംകരണത്തിനായി നായ്ക്കളെ ഉടൻ പിടികൂടുമെന്നും വാക്സിനേഷൻ നൽകുമെന്നൊക്കെ അധികൃതർ പറയുന്നുണ്ടെങ്കിലും ടൗണിലെ തെരുവുനായ്ക്കൾക്ക് ഇപ്പോഴും കുറവ് വന്നിട്ടില്ല. രണ്ടുദിവസമായി ടൗണിൽ നായ്പിടുത്തം നടക്കുമ്പോഴാണ് ഈ സ്ഥിതി. ഇന്നലെ ഉച്ചയ്ക്ക് ടൗണിൽ റോളക്സ് ഓഡിറ്റോറിയത്തിനോട് ചേർന്നുള്ള കറ്റുകോട്ടേക്കുള്ള വീതികുറഞ്ഞ റോഡിൽ ഒരു ഡസൻ വരുന്ന നായ്ക്കളുടെ കൂട്ടമാണ് അലഞ്ഞുനടന്നിരുന്നത്.
നായ്ക്കൂട്ടത്തിന്റെ മുന്നിൽപ്പെട്ട സാമൂഹ്യപ്രവർത്തകനായ ഗഫൂർ മുടപ്പല്ലൂർ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട് മാത്രം. സ്കൂട്ടറോടിച്ച് പോയിരുന്ന ഗഫൂറിനു നേരെ നായ്ക്കൾ കുരച്ച് പാഞ്ഞെത്തി. അപ്രതീക്ഷിതമായ ആക്രമണം കണ്ട് യുവാവും പകച്ചു. ധൈര്യംവിടാതെ വാഹനത്തിന്റെ വേഗത കൂട്ടിപോയതിനാൽ രക്ഷപ്പെടുകയായിരുന്നെന്ന് ഗഫൂർ പറഞ്ഞു. നായ്ക്കളുടെ വരവുകണ്ട് വഴിയിലൂടെ നടന്നു വന്നിരുന്നവർ സമീപത്തെ വീടുകളിൽകയറി സുരക്ഷ ഉറപ്പാക്കുകയായിരുന്നു. സ്കൂൾ സമയങ്ങളിലും മറ്റും ചെറിയ കുട്ടികൾ നടന്നുപോകുന്ന വഴികളിലാണ് നായ്പടകളുടെ ഈ കറക്കം. കഴിഞ്ഞദിവസമാണ് നാല് വയസുകാരൻ ഉൾപ്പെടെ ടൗണിൽ നിരവധി പേർക്ക് പേവിഷബാധയേറ്റ നായയുടെ കടിയേറ്റത്.
ഇതേതുടർന്ന് ആരോഗ്യവകുപ്പും വെറ്ററിനറി വകുപ്പും പഞ്ചായത്തുമെല്ലാം ജാഗ്രതാനിർദേശം നൽകി നായ്ക്കളെ പിടികൂടാൻ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞത്. എന്നാൽ ഉറപ്പുകളൊന്നും ഫലപ്രദമാകുന്നില്ലെന്ന് പരാതിയാണ് ഉയരുന്നത്. പേവിഷബാധയേറ്റ നായ മറ്റു നായ്ക്കളുമായി കടികൂടിയിട്ടുള്ളതിനാൽ കൂടുതൽ തെരുവ്നായ്ക്കൾക്ക് പേബാധക്ക് സാധ്യതയുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്.