പരന്പരാഗതവ്യവസായങ്ങൾ നിലനിർത്തുന്നതിനു സർക്കാരിന്റെ പിന്തുണ: മന്ത്രി എം.ബി. രാജേഷ്
1580962
Sunday, August 3, 2025 7:14 AM IST
പാലക്കാട്: പരന്പരാഗത വ്യവസായങ്ങൾ നിലനിർത്താൻ സർക്കാരിന്റെ വലിയ പിന്തുണയുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ്. സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം ഖാദിമേളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ പ്രധാന പരന്പരാഗത വ്യവസായമായ ഖാദി 12000 കുടുംബങ്ങളുടെ ഉപജീവന മാർഗം കൂടിയാണ്. ആധുനിക സാങ്കേതിക വിദ്യയും പുതിയ വ്യവസായങ്ങളും ഉത്പന്നങ്ങളും വരുന്പോൾ പ്രതിസന്ധി നേരിടാറുണ്ടെന്നും സർക്കാരിന്റെ വലിയ പിന്തുണയോടെയാണ് പരന്പരാഗത വ്യവസായങ്ങൾ നിലനിന്ന് പോരുന്നതെന്നും മന്ത്രി പറഞ്ഞു.
‘എനിക്കും വേണം ഖാദി ’ എന്ന സന്ദേശം എല്ലായിടത്തും എത്തിക്കാൻ സാധിക്കണം. പുതുതലമുറയിൽപ്പെട്ടവരെയും ആകർഷിക്കുന്നതിനായി പല കളറിലും ഡിസൈനിലുള്ള തുണിത്തരങ്ങൾ ഖാദി ബോർഡ് പുറത്തിറക്കുന്നുണ്ട്. ജില്ലാ ഖാദി ഗ്രാമവ്യവസായ കാര്യാലയ അങ്കണത്തിൽ നടന്ന പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ആദ്യ വില്പന നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സണ്‍ പ്രമീള ശശിധരൻ സമ്മാന കൂപ്പണ്‍ പ്രകാശനം ചെയ്തു.
ഖാദി ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോട്ടമൈതാനം, ഖാദി ഗ്രാമസൗഭാഗ്യ, പാലക്കാട് ടൗണ്‍ ബസ് സ്റ്റാൻഡ് കോംപ്ലക്സ്, തൃത്താല, കുന്പിടി, കൊല്ലങ്കോട് എന്നിവിടങ്ങളിലുള്ള ഖാദി ഷോറൂമുകളിലും, മണ്ണൂർ, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി എന്നീ ഗ്രാമസൗഭാഗ്യകളിലും, മൊബൈൽ സെയിൽസ് വാനിലും പ്രത്യേക മേളകൾ നടക്കും.
മേളയുടെ ഭാഗമായി എല്ലാ വില്പനശാലകളിലും ഖാദി കോട്ടൻ, സിൽക്ക്, മനില ഷർട്ടിംഗ് എന്നീ തുണിത്തരങ്ങളും ഉന്നകിടക്കകൾ, തേൻ മറ്റ് ഗ്രാമവ്യവസായ ഉല്പന്നങ്ങൾ എന്നിവയും ലഭിക്കും. മേളയിൽ ഖാദിവസ്ത്രങ്ങൾക്ക് 30 ശതമാനം വരെ ഗവ. റിബേറ്റും, സമ്മാനങ്ങളും, സർക്കാർ അർദ്ധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.