വണ്ടിത്താവളം-മീനാക്ഷിപുരം പാത പുനർനിർമിക്കണം
1581340
Tuesday, August 5, 2025 1:04 AM IST
വണ്ടിത്താവളം: പന്ത്രണ്ട് വർഷം മുൻപ് വീതികൂട്ടി നവീകരിച്ച വണ്ടിത്താവളം - മീനാക്ഷിപുരം പാത അറ്റകുറ്റപ്പണി നടത്താത്തതിനാൽ തകർന്ന് കുഴികൾ നിറഞ്ഞ് വാഹനസഞ്ചാരം അപകടഭീഷണിയിൽ.
വാഹന അപകടങ്ങൾ ഉണ്ടാകുമ്പോൾയാത്രക്കാരുടെ പ്രതിഷേധം ഉയർന്നാൽ നാമമാത്രമായി ഓട്ടയടയ്ക്കൽ നടത്തി സ്ഥലംവിടുകയാണ് പൊതു മരാമത്ത് അധികൃതർ. വാഹനാപകടങ്ങളിൽ താലൂക്കിൽ മരണങ്ങൾ കൂടുതൽ നടന്നിട്ടുള്ളത് വണ്ടിത്താവളം -മീനാക്ഷിപുരം പാതയിലാണ്. കുഴികൾകാരണം വാഹനങ്ങൾ റോഡിൽ പാമ്പിഴയുന്നതുപോലയാണ് ഓടുന്നത്. തൃശൂർ-പഴനി അന്തർ സംസ്ഥാനപാതയെന്നതിനാൽ വിനോദ, തീർഥാടന വാഹനങ്ങൾ കൂടുതലായി സഞ്ചാരമുണ്ട്.
ഈ റോഡ് പൂർണതോതിൽ നവീകരണം ഉണ്ടാവുമെന്ന് അറിയിപ്പു വരാറുണെങ്കിലും ഇത് ജലരേഖയായി മാറിയ അനുഭവമാണുള്ളത്. അപകടം ഉൾപ്പെടെ അടിയന്തര ആവശ്യത്തിനു ആംബുലൻസ് വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുകയില്ല. ചിലസ്ഥലങ്ങളിൽ സമീപവീട്ടുകാരോ വ്യാപാരികളൊ മെറ്റലിട്ട് താത്കാലികമായി ഗർത്തം അടക്കാറുണ്ട്. റോഡിനിരുവശത്തും ബലക്ഷയം സംഭവിച്ച വൃക്ഷങ്ങളും യാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട്.
ഇത്തരം വൃക്ഷങ്ങളൊ ശിഖരങ്ങളൊ മുറിച്ചു മാറ്റാൻ പഞ്ചായത്തധികൃതർക്ക് അധികാരം നൽകിയിട്ടുണ്ടെങ്കിലും ഇതൊന്നും കണ്ടില്ലെന്നമട്ടിലാണ് നിലപാട്. ഇക്കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിക്കാറ്റിൽ റോഡുവക്കത്തെ നിരവധി മരശിഖരങ്ങൾ റോഡിൽ പൊട്ടിവീഴുകയുണ്ടായി. പാട്ടികുളത്തെ എസ് ആകൃതിയിലുള്ള അപകടവളവ് നിവർത്തണമെന്ന ആവശ്യവും ഉയർന്നിരുന്നു.