ഫാത്തിമ ജംഗ്ഷനിൽ ബസ് സ്റ്റാൻഡ്, ഷോപ്പിംഗ് കോംപ്ലക്സ് നിർമാണനടപടികൾ പുരോഗമിക്കുന്നു
1581334
Tuesday, August 5, 2025 1:04 AM IST
ചിറ്റൂർ: ചന്തപ്പേട്ട നഗരസഭാ കോംപ്ലക്സ് പൊളിച്ച് പുനർനിർമിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. എന്നാൽ ഈ കെട്ടിടം നവീകരിച്ച് നിലനിർത്തണമെന്ന ആവശ്യമുമായി ഒരു വിഭാഗം വ്യാപാരികൾ രംഗത്തെത്തി. കെട്ടിടത്തിന്റെ ബലം പരിശോധിച്ചതിൽ ദുർബലമാണെന്ന് നഗരസഭ അധികൃതർ കണ്ടെത്തി വ്യാപാരികളെ അറിയിച്ചിരുന്നു.
ഇക്കഴിഞ്ഞ ദിവസം വൈസ് ചെയർമാൻ എം. ശിവകുമാറിന്റെ അധ്യക്ഷതയിൽ വ്യപാരികളെ ഉൾപ്പെടുത്തി യോഗം നടന്നിരുന്നു. ഈ സമയത്താണ് വ്യാപാരികൾ കെട്ടിടം നിലനിർത്താൻ നടപടി ആവശ്യപ്പെട്ടത്.
മൂന്ന്മാസം മുന്പ് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റിനെ ഉൾപ്പെടുത്തി നടത്തിയ യോഗത്തിൽ കെട്ടിടം പൊളിക്കുന്ന നടപടികൾ വിശദീകരിച്ചിരുന്നു. ആ സമയത്ത് വ്യാപാരികൾ മറ്റു അഭിപ്രായങ്ങളൊന്നു പ്രകടിപ്പിച്ചിരുന്നില്ല.
പുതിയ കെട്ടിടം നിർമാണം പൂർത്തിയായാൽ മുൻവ്യാപാരികൾക്കു തന്നെയാണ് മുൻഗണന നൽകാൻ തീരുമാനിച്ചിരുന്നത്. പുതിയ ബസ് സ്റ്റാൻഡ് നിർമാണത്തിന് കഴിഞ്ഞ ബജറ്റിൽ രണ്ടു കോടി അനുവദിച്ചിരുന്നു. ഇതിന്റെ സാങ്കേതിക ജോലികൾ പുരോഗമിച്ചു വരികയാണ്.