ശ്രദ്ധിച്ചാൽ വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാം: ജാഗ്രതാനിർദേശങ്ങൾ
1581335
Tuesday, August 5, 2025 1:04 AM IST
പാലക്കാട്: വൈദ്യുതിലൈൻ പൊട്ടിവീണാൽ ബന്ധപ്പെടേണ്ട നന്പർ 9496010101. വൈദ്യുതി തടസത്തിന് 1912 (ടോൾ ഫ്രീ നന്പർ) അല്ലെങ്കിൽ അടുത്തുള്ള സെക്്ഷൻ ഓഫീസുമായി ബന്ധപ്പെടണം.
ശ്രദ്ധിക്കേണ്ട പൊതുവായ കാര്യങ്ങൾ
വൈദ്യുതി ലൈനുകൾക്ക് സമീപം ഇരുന്പ് തോട്ടിയോ ഏണിയോ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ലോഹവസ്തുക്കൾ ലൈനിന് സമീപമെത്തുന്പോൾ ഉണ്ടാകുന്ന വൈദ്യുതാകർഷണം കാരണം ഷോക്കടിക്കാൻ സാധ്യതയുണ്ട്.
വൈദ്യുതി ലൈനുകൾക്ക് അടുത്തുള്ള മരങ്ങളുടെ ശിഖരങ്ങൾ മുറിക്കുന്പോൾ ജാഗ്രത പാലിക്കുക. പച്ചിലകൾ നനവുള്ളതിനാൽ അപകട സാധ്യത കൂടുതലാണ്. പൊട്ടിക്കിടക്കുന്ന വൈദ്യുതി ലൈനിലോ മഴയത്ത് വൈദ്യുതി പോസ്റ്റുകളിലോ സ്റ്റേ വയറിലോ സ്പർശിക്കരുത്. നനഞ്ഞ കൈകൊണ്ട് സ്വിച്ചുകളോ മറ്റ് വൈദ്യുത ഉപകരണങ്ങളോ പ്രവർത്തിപ്പിക്കാതിരിക്കുക. കുട്ടികളുടെ കൈയെത്താത്ത ഉയരത്തിൽ മാത്രം വൈദ്യുത സാമഗ്രികൾ സ്ഥാപിക്കുക.
വയറിങ്ങിലോ ഉപകരണങ്ങളിലോ അറ്റകുറ്റപ്പണി ചെയ്യുന്നതിന് മുൻപ് മെയിൻ സ്വിച്ച് ഓഫ് ചെയ്ത് വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിച്ചെന്ന് ഉറപ്പുവരുത്തുക. ഐഎസ്ഐ മുദ്രയുള്ളതും നിലവാരമുള്ളതുമായ വയറുകളും ഉപകരണങ്ങളും മാത്രം ഉപയോഗിക്കുക.
വീട്ടിലെ സുരക്ഷ ഉറപ്പാക്കാൻ
വീടുകളിൽ 30 മില്ലി ആന്പിയർ പ്രവർത്തനക്ഷമതയുള്ള ഇഎൽസിബി (എർത്ത് ലീക്കേജ് സർക്യൂട്ട് ബേക്കർ) നിർബന്ധമായും സ്ഥാപിക്കുക. ഇത് വൈദ്യുതചോർച്ച മൂലമുള്ള അപകടങ്ങൾ തടയും. മാസത്തിലൊരിക്കൽ ടെസ്റ്റ് ബട്ടണ് അമർത്തി ഇത് പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്.
പ്ലാസ്റ്റിക് വയറുകൾ ഉപയോഗിച്ചുള്ള താൽക്കാലിക വയറിംഗ് ഒഴിവാക്കുക. ഒരു പ്ലഗ് പോയിന്റിൽ നിന്ന് ഒന്നിലധികം ഉപകരണങ്ങളിലേക്ക് കണക്ഷൻ എടുക്കാതിരിക്കുക.
കേടായ ഉപകരണങ്ങൾ ഉടൻ തന്നെ നന്നാക്കുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യുക. റഫ്രിജറേറ്റർ, ടിവി, വാഷിങ് മെഷീൻ തുടങ്ങിയ ഗാർഹിക ഉപകരണങ്ങൾ സ്വയം നന്നാക്കാൻ ശ്രമിക്കരുത്.
അടിയന്തര സാഹചര്യങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ
വൈദ്യുതി ഷോർട്ട് സർക്യൂട്ട് കാരണം തീപിടുത്തമുണ്ടായാൽ ഉടൻ മെയിൻ സ്വിച്ച് ഓഫ് ചെയ്യുക. തീ അണയ്ക്കാൻ വെള്ളം ഉപയോഗിക്കരുത്.
ഉണങ്ങിയ മണലോ, ഡ്രൈ പൗഡർ ഉപയോഗിച്ചുള്ള അഗ്നിശമന ഉപകരണങ്ങളോ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിക്കുക.
ആർക്കെങ്കിലും ഷോക്കേറ്റാൽ വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷം മാത്രം അവരെ സ്പർശിക്കുക. ഉണങ്ങിയ തടിക്കഷണം പോലുള്ള വൈദ്യുതി കടത്തിവിടാത്ത വസ്തുക്കൾ ഉപയോഗിച്ച് അവരെ വൈദ്യുതി സ്രോതസിൽ നിന്ന് വേർപെടുത്തുക.