മീനാക്ഷിപുരം -ഗുരുവായൂർ കെഎസ്ആർടിസി പുനരാരംഭിക്കണം
1581337
Tuesday, August 5, 2025 1:04 AM IST
ചിറ്റൂർ: മീനാക്ഷിപുരം -ഗുരുവായൂർ പാതയിൽ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ് പുനരാരംഭിക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.
നെല്ലിമേട് , പ്ലാച്ചിമട, കന്നിമാരി, വണ്ടിത്താവളം, പട്ടഞ്ചേരി, തത്തമംഗലം, കൊടുവായൂർ ഉൾപ്പെടെ സ്ഥലങ്ങളിൽ നിന്നും നിരവധി പേർ ക്ഷേത്രദർശനത്തിനായി ഗുരുവായൂരിലേക്ക് പോവാറുണ്ട്.
നിലവിൽ സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പെടെ യാത്രക്കാർ രണ്ടും മൂന്നും ബസ് കയറിയാണ് ഗുരുവായൂർ എത്തുന്നത്. ഇത് ഏറെ ശ്രമകരവും ചെലവേറിയതുമാകുന്നു.
ക്ഷേത്രദർശനം കഴിഞ്ഞ് തിരിച്ചു വരുന്നതിനും ഏറെ സമയം വേണ്ടിവരുന്നു. മീനാക്ഷിപുരം - ഗുരുവായൂർ പാതയിൽ ലോഫ്ലോർ ബസ് സർവീസ് ആരംഭിച്ച് നാലു മാസങ്ങൾക്കും ശബരിമലയിലേക്ക് സ്പെഷൽ ട്രിപ്പിനു വിടുന്നു എന്നറിയിച്ചാണ് താത്കാലികമായി ഈ സർവീസ് നിർത്തിവെച്ചത്. എന്നാൽ പിന്നീട് ബസ് ഈ റൂട്ടിൽ ഓടിക്കാൻ ശ്രമിച്ചിട്ടില്ല .
സ്വകാര്യബസുകളുടെ പ്രലോഭനമാണ് സർവീസ് നിർത്താൻ കാരണമെന്ന് യാത്രക്കാരുടെ ആരോപണവും നിലവിലുണ്ട്. മീനാക്ഷിപുരത്തു നിന്നും 114 കിലോമീറ്റർ ദൈർഘ്യമാണ് ഗുരുവായൂരിലേക്കുള്ളത്.
കെഎസ്ആർടി സിയിൽ സ്വകാര്യബസുകളേക്കാൾ ഇരിപ്പിട സൗകര്യം സുഗമമെന്നതും യാത്രക്കാർ സർവീസിനെ ആശ്രയിക്കാൻ കാരണമാകുന്നുണ്ട്.