വിളനാശം; കാട്ടുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കി
1581336
Tuesday, August 5, 2025 1:04 AM IST
ഒറ്റപ്പാലം: കർഷകർക്ക് വിളനാശം നടത്തിവന്നിരുന്ന കാട്ടുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കി. വാണിയംകുളം പഞ്ചായത്ത് പരിധിയിൽനിന്ന് 18 മണിക്കൂറിനുള്ളിൽ 50 കാട്ടുപന്നികളെയാണ് വെടിവെച്ച് കൊന്നത്. കൃഷി നശിപ്പിക്കുന്നത് പതിവായതോടെയും യാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയായതോടെയുമാണ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്.
പഞ്ചായത്തിന് ലഭിച്ച കർഷകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രസിഡന്റ് കെ. ഗംഗാധരന്റെ നിർദേശത്തെ തുടർന്നാണ് നടപടി. അഞ്ച് വാർഡുകളിൽനിന്നാണ് 50 എണ്ണത്തിനെ പരിശീലനം ലഭിച്ച ഷൂട്ടർമാരുടെ നേതൃത്വത്തിൽ ഒരു രാത്രിയും പകലും പിന്തുടർന്ന് കണ്ടെത്തി കൊന്നത്. ശനിയാഴ്ച വൈകുന്നേരം ആറുമണിക്കാണ് ദൗത്യം തുടങ്ങിയത്. മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള ഷൂട്ടർമാരാണ് പങ്കെടുത്തത്.
അലി നെല്ലേങ്കര, ദേവകുമാർ വരിക്കത്ത്, ചന്ദ്രൻ വരിക്കത്ത്, വി.ജെ. തോമസ്, മുഹമ്മദ് അലി മാതേങ്ങാട്ടിൽ, രമേഷ് മച്ചാട്ട്, കെ.പി. ഷാൻ, എ.എസ്. ബേബി, വേലായുധൻ വരിക്കത്ത് എന്നീ ഷൂട്ടർമാരാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്. ഇവരുടെ സഹായികളടക്കം 20 അംഗങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. കാടിനുള്ളിൽനിന്ന് കാട്ടുപന്നികളെ കണ്ടെത്താൻ പരിശീലനം ലഭിച്ച ഏഴ് നായ്ക്കളുടെ സഹായവുമുണ്ടായിരുന്നു.