എഴുപത്തേഴാംവയസിൽ കരാട്ടെയിൽ ബ്ലാക്ക്ബെൽറ്റ്; ഇനി കാഷ്മീരിലേക്ക് ട്രക്കിംഗ്
1581342
Tuesday, August 5, 2025 1:04 AM IST
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: ഭീകരാക്രമണമുണ്ടായ കാഷ്മീരിലെ പഹൽഗാമിലേക്കു ട്രക്കിംഗ് നടത്തുന്നതിനുള്ള ഒരുക്കങ്ങളിലാണ് എഴുപത്തേഴാം വയസിൽ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടി യുവതലമുറക്കാരെ ഞെട്ടിച്ച മംഗലംഡാം പറശേരി സ്വദേശി കിഴക്കേക്കര ജോസ്.
വള്ളിയോട് അസിസ്റ്റഡ് ലിവിംഗ് സെന്ററിലുള്ള ജോസേട്ടൻ ശാരീരികക്ഷമത ഉറപ്പുവരുത്തുന്ന വ്യായാമമുറകളിലാണ് പകലിലെ കൂടുതൽ സമയവും. സെപ്റ്റംബർ 16നാണ് കാഷ്മീ ർ യാത്ര.
""അടുത്തമാസം താൻ ഒരു തമാശകൂടി കാണിക്കും. ഇപ്പോഴൊക്കെയല്ലേ ഇതൊക്കെ പറ്റൂ'' എന്ന കമന്റോടെയാണ് ജോസേട്ടൻ ഏറെ ദൂരെ മലമുകളിലേക്കുള്ള ട്രക്കിംഗിനെ കുറിച്ച് സുഹൃത്തുക്കൾക്ക് സന്ദേശം അയയ്ക്കുന്നത്.
ഈ പ്രായത്തിൽ കരാട്ടെയിൽ ബ്ലാക്ക്ബെൽറ്റ് കിട്ടുന്ന ജില്ലയിലെ ആദ്യ കരാട്ടെക്കാരൻ എന്ന അംഗീകാരംകൂടിയുള്ള ജോസേട്ടന്റെ യോഗ്യത അതുകൊണ്ടും തീരുന്നില്ല. രാജ്യത്തും പുറത്തുമായി കഴിഞ്ഞ 10 വർഷമായി ചെറുതും വലുതുമായ 22 മാരത്തൺ ഓട്ടത്തിൽ പങ്കെടുത്ത് മുൻനിരയിൽ എത്തിയിട്ടുണ്ട്. ഓട്ടത്തിന്റെ ദശാബ്ദി ആഘോഷം കൂടിയാകും കാഷ്മീർ ട്രക്കിംഗ് എന്നാണ് ജോസേട്ടൻ പറയുന്നത്.
കരുത്തിന് ഊർജം പകരാനും ഉപദേശം നൽകാനും കരാട്ടെയുടെ എല്ലാമായ ആളുണ്ട് ഒപ്പം. കരാട്ടെയിൽ ജില്ലയിലെ ആദ്യ ബ്ലാക്ക്ബെൽറ്റുകാരൻ വടക്കഞ്ചേരി പൊത്തപ്പാറ ജോസ്ഗിരി സ്വദേശി 69 കാരനായ കുത്തുകല്ലുങ്കൽ ആൽഫ്രഡ് (സണ്ണി) .
ഏഴുവർഷമായി ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെ അസോസിയേഷന്റെ ദേശീയ പ്രസിഡന്റ്, മൂന്നു തലമുറക്കാരുടെ പരിശീലകൻ, ആയിരക്കണക്കിനു ശിഷ്യസമ്പത്തുള്ള കേരളത്തിലെ അപൂർവം കരാട്ടെ പരിശീലകരിൽ ഒരാൾ, നാലു പതിറ്റാണ്ടിലേറെയായി കരാട്ടെ പരിശീലകൻ അങ്ങനെ വിശേഷണങ്ങൾ ഏറെയുള്ളയാളാണ് ആയോധനകലയിലെ ഗുരുവായ സണ്ണിച്ചേട്ടനും. 21 കിലോമീറ്ററും 200 മീറ്ററും വരുന്ന ഹാഫ് മാരത്തണാണ് ജോസേട്ടന്റെ ഇഷ്ട ഇനം. യോഗ മാസ്റ്റർ, ഷട്ടിൽ ബാഡ്മിന്റൺ കോച്ച് എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്. ഭക്ഷണത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇപ്പോഴത്തെ പരിശീലനം.
പഴവർഗങ്ങളും പച്ചക്കറികളുമാണ് ഭക്ഷണത്തിൽ കൂടുതലും. വറുത്തതും പൊരിച്ചതിനുമെല്ലാം വിലക്കുണ്ട്. ബേക്കറി സാധനങ്ങളൊന്നും കഴിക്കില്ല.
ജീവിതശൈലീരോഗങ്ങൾ തടയാൻ കരാട്ടെ, യോഗ തുടങ്ങിയവ ചെറുപ്പം മുതലേ അഭ്യസിക്കണമെന്നാണ് കരാട്ടെ ഗുരുവായ സണ്ണിച്ചേട്ടൻ പറയുന്നത്.
എല്ലാ കാര്യങ്ങളിലും കൃത്യനിഷ്ഠ പരിശീലിക്കുന്നതിനാൽ ഏതെങ്കിലും ആയോധനകലയിൽ മെയ് വഴക്കമുള്ളവർക്ക് ഏത് തൊഴിലും അനായാസം ചെയ്യാനാകും.
പ്രായമാകുന്നതുപോലും അറിയില്ല. ജോസേട്ടന്റെ പ്രായത്തിലെ ചുറുചുറുക്കും ആവേശവും മനോധൈര്യവും ചൂണ്ടിക്കാട്ടി സണ്ണിച്ചേട്ടൻ പറയുന്നു.