ഒറ്റപ്പാലം നഗരസഭയിൽ വികസന പദ്ധതികൾ പ്രതിസന്ധിയിൽ
1581880
Thursday, August 7, 2025 1:07 AM IST
ഒറ്റപ്പാലം: നഗരസഭയിൽ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യം. എൻജിനിയറിംഗ് തസ്തികയിൽ ആളില്ലാത്തതുമൂലമുള്ള പ്രശ്നങ്ങളാണ് പ്രതിസന്ധിക്ക് കാരണം.
ഇത് വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നതായാണ് വിമർശനം. മുമ്പുണ്ടായിരുന്ന എൻജിനീയർ വിരമിച്ചതിനുശേഷം പുതിയയാൾ ചുമതലയേൽക്കാത്തതാണ് നഗരസഭയിലെ പദ്ധതികളെ ബാധിക്കുന്നത്. വിവിധ പദ്ധതി പ്രവർത്തനങ്ങളെ ഇത് ദോഷമായി ബാധിക്കുന്നുണ്ട്.
രണ്ടുമാസത്തിലേറെയായി എൻജിനീയറില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ മേയ് 31-നാണ് എൻജിനീയറായിരുന്ന ജയപ്രകാശ് വിരമിച്ചത്. ഇതിനുശേഷം തദ്ദേശവകുപ്പ് പുതിയ എൻജിനീയറെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കി.
പട്ടാമ്പി നഗരസഭയിലെ എൻജിനീയർക്കാണ് ഒറ്റപ്പാലത്തേക്കു സ്ഥലംമാറ്റം നൽകിയതെന്നാണ് നഗരസഭാധികൃതർ പറയുന്നത്. എന്നാൽ, ഇതുവരെ ചുമതലയേറ്റിട്ടില്ല. പട്ടാമ്പിയിൽ എൻജിനീയർ തസ്തികയിൽ ആളെത്താത്തതാണ് പ്രതിസന്ധിയെന്നാണു സൂചന. താത്കാലിക ചുമതലയുണ്ടായിരുന്ന അനങ്ങനടി പഞ്ചായത്തിലെ എൻജിനീയർ കൃത്യമായി നഗരസഭയിലെത്തുന്നില്ലെന്നു കൗൺസിലർമാർ ആരോപിക്കുന്നുമുണ്ട്.
റോഡ് നിർമാണവും കെട്ടിടനിർമാണവും ഉൾപ്പെടെ ആറു പദ്ധതികളാണ് മുടങ്ങിക്കിടക്കുന്നത്. പണി കഴിഞ്ഞ പല പദ്ധതികളുടെയും ബില്ലുകൾ കരാറുകാർ സമർപ്പിച്ചെങ്കിലും ഇപ്പോഴും ഫണ്ട് അനുവദിച്ചിട്ടില്ല. പല വാർഡുകളിലേക്കും റോഡ് നവീകരണത്തിന്റെ പദ്ധതിരേഖ തയ്യാറാക്കലും പാതിവഴിയിലാണ്. പദ്ധതിരേഖ സമർപ്പിച്ച് അംഗീകാരം കിട്ടി കരാർനടപടി തുടങ്ങേണ്ട പദ്ധതികൾക്കാണ് ഈ കാലതാമസം. ഇതു വേഗത്തിൽ പൂർത്തിയാക്കാത്തപക്ഷം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പിന്നീട് പെരുമാറ്റച്ചട്ടം ബാധിക്കുമെന്ന ആശങ്കയും കൗൺസിലർമാർക്കുണ്ട്.
നേരത്തേ പുതിയ എൻജിനീയർ വരുംവരെ വിരമിച്ച എൻജിനീയറെ താത്കാലിക ചുമതലയേൽപ്പിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും നടപ്പിലായില്ല.
എൻജിനീയർ ഉടൻ ചുമതലയേൽക്കുമെന്നും അതിനായി നടപടികൾ തുടങ്ങിയെന്നുമാണ് നഗരസഭാധികൃതർ പറയുന്നത്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ജനങ്ങളിൽ നിന്ന് ശക്തമാണ്.