നെരുന്പിയംപാടം അങ്കണവാടി നാടിനു സമർപ്പിച്ചു
1581881
Thursday, August 7, 2025 1:07 AM IST
ഒറ്റപ്പാലം: ആധുനിക നിലവാരത്തിൽ പണി പൂർത്തീകരിച്ച ഒറ്റപ്പാലം നഗരസഭയിലെ നെരുന്പിയംപാടം അങ്കണവാടിയുടെ ഉദ്ഘാടനം കെ. പ്രേംകുമാർ എംഎൽഎ നിർവഹിച്ചു. 2020-21 സാന്പത്തിക വർഷത്തെ എംഎൽഎ ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപയും നഗരസഭാ വിഹിതം 11 ലക്ഷം രൂപയും ചേർത്ത് ആകെ 21 ലക്ഷം രൂപ വിനിയോഗിച്ചാണ് 11 ാം വാർഡിലെ അങ്കണവാടി കെട്ടിടം നിർമിച്ചത്.
കാലപ്പഴക്കത്തിൽ തകർന്ന പഴയ അങ്കണവാടി കെട്ടിടം പൊളിച്ച് മാറ്റിയാണ് ആധുനിക സൗകര്യത്തോടെ പുതിയ കെട്ടിടം നിർമിച്ചത്. 771 സ്ക്വയർഫീറ്റ് വിസ്തീർണത്തിൽ നിർമിച്ച കെട്ടിടത്തിൽ ഒരു സിറ്റൗട്ട്, ഹാൾ, അടുക്കള, സ്റ്റോർ റൂം, ശിശു സൗഹൃദ ശൗചാലയം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് കളിച്ചുല്ലസിക്കാനുതകും വിധത്തിലാണ് കെട്ടിടം നിർമിച്ചിട്ടുള്ളത്.
ഉദ്ഘാടന പരിപാടിയിൽ ഒറ്റപ്പാലം നഗരസഭാ ചെയർപേഴ്സണ്‍ കെ. ജാനകിദേവി അധ്യക്ഷയായി. നഗരസഭാ സെക്രട്ടറി എ.എസ്. പ്രദീപ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ. രാജേഷ്, സ്ഥിരം സമിതി അധ്യക്ഷരായ സുനീറ മുജീബ്, അബ്ദുൾനാസർ, കൗണ്‍സിലർമാരായ അജയകുമാർ, പുഷ്പലത, ഐസിഡിഎസ് സൂപ്പർവൈസർ ദിവ്യ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.