ആദിവാസിമേഖലയിൽ വിദ്യാഭ്യാസത്തിനായി സർക്കാർ ഒരുക്കുന്നതു മികച്ച സൗകര്യങ്ങൾ: സ്പീക്കർ ഷംസീർ
1581643
Wednesday, August 6, 2025 2:16 AM IST
അഗളി: ആദിവാസി മേഖലയിൽ വിദ്യാഭ്യാസത്തിനായി മികച്ചരീതിയിലുള്ള സൗകര്യമാണ് സംസ്ഥാന സർക്കാർ ഒരുക്കിയിരിക്കുന്നതെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. ഷോളയൂർ ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും സ്ട്രീം ഹബ് ഉദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു സ്പീക്കർ.
മികച്ച നിലവാരമുള്ള വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കി സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് അങ്കണവാടി മുതൽ ഹയർ സെക്കൻഡറിതലം വരെ കാതലായ മാറ്റമാണ് ഉണ്ടായിട്ടുള്ളത്. വിദേശപഠനത്തിന് ആഗ്രഹിക്കുന്നവർക്ക് സർക്കാർ സഹായം നൽകുന്നുണ്ട്. സർക്കാർ ഒരുക്കുന്ന സൗകര്യങ്ങളെ വിദ്യാർഥികൾ ഉപയോഗിക്കണം.
പ്രത്യേക ശ്രദ്ധ വേണ്ട കുട്ടികളെ അധ്യാപകർ പരിഗണിക്കണം. വിദ്യാഭ്യാസത്തിനൊപ്പം വിദ്യാർഥികൾ വായനയ്ക്കും പ്രാധാന്യം നൽകണമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. പരിപാടിയിൽ എൻ. ഷംസുദ്ദീൻ എംഎൽഎ അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച മൂന്ന് കോടി 90 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്.
അട്ടപ്പാടിയുടെ തനത് കലാരൂപമായ കുമ്മികളി വിദ്യാർഥികൾ അവതരിപ്പിച്ചു. സ്കൂളിന് സ്ഥലം നൽകിയ കുടുംബങ്ങളുടെ പ്രതിനിധികളായ മല്ലയ്യൻ, പി.ജി. ജെയിംസ് മാസ്റ്റർ, മല്ലീശ്വര അവാർഡ് ജേതാവ് അജിത് ഷോളയൂർ എന്നിവരെ ആദരിച്ചു. കില പിഎംയു എൻജിനീയറിംഗ് കണ്‍സൾട്ടന്റ് ടി.എ. ഫാസിൽ അസ്ലം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സനോജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജി. ഷാജു പെട്ടിക്കൽ, ഷോളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാമമൂർത്തി, വൈസ് പ്രസിഡന്റ് എസ്. രാധ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. ജിതേഷ്, ഗ്രാമപഞ്ചായത്ത് വാർഡ് അംഗങ്ങളായ വി. ലതകുമാരി, ശാലിനി ബിനുകുമാർ, സ്കൂൾ പ്രിൻസിപ്പൽ ഡോ.എം.എസ് സുമ, പ്രധാന അധ്യാപിക പി.എം. മൈമൂന പങ്കെടുത്തു.