ഓണമടുത്തു; മൺപാത്രവില്പന സജീവം
1581639
Wednesday, August 6, 2025 2:16 AM IST
പുതുനഗരം: ഓണം അടുത്തതോടെ മൺപാത്രവിപണി സജീവമായി. പുതുനഗരം കൊശക്കട രാജി യുടെ മൺപാത്ര വില്പന സ്ഥാപനത്തിൽ ആവശ്യക്കാർ ധാരാളമായി എത്തിത്തുടങ്ങി. ഓണാഘോഷത്തിനുപയോഗിക്കുന്ന മൺപാത്രങ്ങൾക്ക് പുറമെ വിവിധയിനത്തിലുള്ള അടുപ്പുകളും വില്പനക്ക് സജ്ജമാണ്.
മൺപാത്രങ്ങൾക്ക് വില കൂടുതലാണെങ്കിലും ഇപ്പോഴും മൺകലങ്ങളിൽ ഭക്ഷണമുണ്ടാക്കുന്നതും കുടിവെള്ളം ശേഖരിക്കുന്നവരും കൂടുതലായുണ്ട്.
പുതുനഗരത്ത് ശ്രീനിവാസന്റെ ഭാര്യ രാജിയാണ് സ്ഥാപനം നടത്തിവരുന്നത്. പ്ലസ് ടു കഴിഞ്ഞ രാജി നഴ്സിംഗ് കോഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്. പിഎസ് സി യിൽ അപേക്ഷ നൽകി ജോലിക്കു കാത്തിരിക്കുകയാണ്. തന്റെ പാരമ്പര്യ കുടുംബതൊഴിലായ മൺപാത്ര വില്പനയിൽ ഉപജീവനത്തിനുള്ള വരുമാനം ലഭിക്കുന്നുണ്ടെന്നാണ് രാജി പറയുന്നത്.
ദൂരദിക്കിൽ ഉള്ളവർ പോലും മൺപാത്രം വാങ്ങാൻ രാജിയുടെ വീടിനോട് ചേർന്ന വില്പന സ്ഥലത്തേക്ക് എത്താറുണ്ട്. കോയമ്പത്തൂർ, പൊള്ളാച്ചി, ഉടുമൽപ്പേട്ട, ആനമല ഉൾപ്പെടെ സ്ഥലങ്ങളിൽ നിന്നും പല്ലശന ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നവർ മൺപാത്രക്കടകൾ സന്ദർശിച്ചാണ് മടങ്ങുന്നത്.