ഉദ്ഘാടനത്തിനൊരുങ്ങി പട്ടാന്പി ഇഎംഎസ് പാർക്ക്
1581636
Wednesday, August 6, 2025 2:16 AM IST
പട്ടാന്പി: ഭാരതപ്പുഴയുടെ തീരത്ത് ഒന്നാംഘട്ട നിർമാണം പൂർത്തിയായ ഇഎംഎസ് പാർക്ക് 11 ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും ആദ്യഘട്ടത്തിൽ 90 ലക്ഷവും രണ്ടാംഘട്ടത്തിനായി 50 ലക്ഷവും വകയിരുത്തിയാണ് പാർക്കിന്റെ നിർമാണം പുരോഗമിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ആദ്യഘട്ടം പൂർത്തിയാക്കി തുറന്നുകൊടുക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ എംഎൽഎ, നഗരസഭ ചെയർപേഴ്സണ്, തഹസിൽദാർ, ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ, ഡിടിപിസി സെക്രട്ടറി എന്നിവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർക്കിന്റെ ദൈനംദിന നടത്തിപ്പിനായി നടപടികൾ
പൂർത്തിയാക്കിവരികയാണെന്ന് എംഎൽഎ പറഞ്ഞു. ഇപ്പോൾ അടിസ്ഥാന സൗകര്യങ്ങളും കുട്ടികൾക്ക് കളിക്കുന്നതിനുള്ള റൈഡുകളും ആണ് സജ്ജീകരിച്ചിരിക്കുന്നത്. പ്രവർത്തനം ആരംഭിക്കുന്നതോടെ നിലവിലുള്ള സൗകര്യങ്ങൾ വർധിപ്പിക്കും. പൂർണമായും എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കുന്നത്. ജില്ലയിലെ ടൂറിസം സാധ്യതയുള്ള ഇടമാക്കി വിഭവങ്ങളും മറ്റും ലഭ്യമാകുന്ന തരത്തിൽ പാർക്ക്് വികസിപ്പിക്കാനും കുടുംബശ്രീയുടെയും ആദിവാസി വിഭവങ്ങളുമടങ്ങുന്ന മേളകൾ പാർക്കിൽ സംഘടിപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു.