അമിതഭാരം കയറ്റി ലോറി സർവീസ്: പാലവും റോഡും തകർന്നു
1581642
Wednesday, August 6, 2025 2:16 AM IST
നെന്മാറ: റോഡിന്റെയും പാലത്തിന്റെയും ഭാരപരിധിയിൽ കവിഞ്ഞ ലോറികൾ ഓടിയതിനെത്തുടർന്ന് റോഡും കനാൽ പാലവും തകർന്നതായി പരാതി. റോഡും പാലവും തകർന്നതിനെ തുടർന്ന് നൂറം, കുണ്ടിലിടുവ് കരിങ്കുളം റൂട്ടിൽ വാഹനഗതാഗതം ദുസഹമായെന്ന് പരാതി. വനം വകുപ്പിന്റെ കുണ്ടിലിടുവ്, നൂറം മേഖലയിലെ കശുമാവ് പ്ലാന്റേഷനിൽ നിന്ന് മുറിച്ചുമാറ്റിയ തടികൾ കൊണ്ടുപോകുന്നതിനാണ് 25 ടണ്ണിൽ ഏറെ ഭാരം വഹിക്കുന്ന ലോറികൾ ഗ്രാമീണപാതയിലും കനാൽറോഡുകളിലും ഭാരം കയറ്റിപോയത്. ഇതേ തുടർന്നാണ് നൂറം, ചക്രായി കരിങ്കുളം റോഡും പാലങ്ങളും തകർന്നത്.
പ്രദേശവാസികൾ ഭാരംകൂടിയ വാഹനം ഗ്രാമീണറോഡിലൂടെ കൊണ്ടുപോകരുതെന്നും പ്രധാനറോഡ് വരെ ചെറുവാഹനത്തിൽ കയറ്റി ലോഡ് ചെയ്ത് കൊണ്ടുപോകണമെന്നും തടി കടത്താൻ കരാർ എടുത്തവരോട് ആവശ്യപ്പെട്ടിരുന്നു. ഗ്രാമീണമേഖലയിൽ നിന്ന് റബർ തടികൾ കൊണ്ടുപോകുന്ന രീതിയിൽ തടി കടത്താനാണ് പ്രദേശവാസികൾ നിർദേശിച്ചത്. ഇത് ചെവികൊള്ളാതെ മഴക്കാലത്തും അമിതഭാരം കയറ്റിയ തടിലോറികൾ കൊണ്ടുപോയതോടെയാണ് റോഡും പാലങ്ങളും തകർന്നത്. ഇതോടെ പ്രദേശവാസികളുടെ വാഹനങ്ങൾ കടന്നുപോകാൻ പറ്റാത്ത രീതിയിൽ യാത്രാദുരിതവും ഉണ്ടായി.
റോഡും പാലവും തകർന്നതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ കരാറുകാരനുമായി സംസാരിച്ചെങ്കിലും അനുകൂലനടപടി സ്വീകരിക്കാത്തതിനാൽ അമിതഭാരം കയറ്റി വന്ന തടിലോറികൾ തടഞ്ഞു. പ്രദേശവാസികൾക്ക് കാൽനടയാത്രയ്ക്കോ ഇരുചക്രവാഹനയാത്രയ്ക്കോ പറ്റാത്ത വിധം റോഡിൽചെളി നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞദിവസം ഈ റോഡിൽ ഇരുചക്ര വാഹന യാത്രക്കാർക്ക് അപകടത്തിൽ പരിക്ക് പറ്റിയിരുന്നു.
ഇതിനെ തുടർന്നാണ് കോൺഗ്രസ് പ്രതിഷേധവുമായി എത്തിയത്. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എസ്.എം. ഷാജഹാൻ, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ശ്യാം ദേവദാസ്, വി.എം. സ്കറിയ, കെ.ജി. രാഹുൽ, ആർ. അനൂപ്, എം.എം. മനോജ്, ബേബി കയറാടി, കെ.ജി. കുട്ടൻ, വിജയൻ പട്ടുകോട്, മനു എന്നിവർ നേതൃത്വം നൽകി.