പീച്ചി വനാതിർത്തിയിലെ സോളാർ ഫെൻസിംഗ് പൂർണമായും തകർന്നു
1581885
Thursday, August 7, 2025 1:07 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിന്റെ മലയോരമേഖല പങ്കിടുന്ന പീച്ചി വനാതിർത്തിയിൽ സോളാർ ഫെൻസിംഗ് പൂർണമായും തകർന്ന നിലയിൽ. ഇതിനെ തുടർന്ന് കൃഷിയിടങ്ങളിൽ ആനയിറങ്ങി വിളകൾ നശിപ്പിക്കുന്നത് പതിവായെന്ന് കർഷകർ പറഞ്ഞു. കഴിഞ്ഞരാത്രിയിലും പനംകുറ്റിയിൽ ആനയിറങ്ങി പ്രദേശത്തെ തോട്ടങ്ങളിലെ കൃഷികളെല്ലാം നശിപ്പിച്ചു.
ചെറുനിലം ബിജു, ടാർ റോഡിനടുത്തെ ബിനു എന്നിവരുടെ തോട്ടങ്ങളിലെ വിളകളാണ് കൂടുതൽ നശിപ്പിച്ചിട്ടുള്ളത്. ബിജുവിന്റെ തോട്ടത്തിലെ വലിയ തെങ്ങുകൾ മറിച്ചിട്ടാണ് ആനകളുടെ വിളയാട്ടം. ബിനുവിന്റെ വീട്ടുവളപ്പിലെ വാഴകൾ നശിപ്പിച്ചിട്ടുണ്ട്. തകർന്ന് പ്രവർത്തനക്ഷമമല്ലാതെയുള്ള പീച്ചി വനാതിർത്തിയിലെ വൈദ്യുതിവേലി പ്രവർത്തിപ്പിക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കാത്തതാണ് ആനകൾ കൂട്ടത്തോടെ കാടിറങ്ങാൻ കാരണമാകുന്നത്.
വനംവകുപ്പിന്റെ നിസഹകരണം തുടർന്നാൽ ജീവനും സ്വത്തിനുമായി തങ്ങളുടെ ഭാഗത്തുനിന്നും പ്രതിരോധം ഉണ്ടാകുമെന്നാണ് കർഷകരുടെ മുന്നറിയിപ്പ്. കാട്ടുമൃഗങ്ങളെ കാട്ടിൽ തന്നെ സംരക്ഷിക്കാനും നഷ്ടപ്പെടുന്ന സ്വഭാവിക വനത്തിന്റെ പുന:സ്ഥാപനത്തിനെന്നും പറഞ്ഞ് ഇടക്കിടെ കാട്ടിലേക്ക് വിത്തുണ്ട എറിഞ്ഞ് കണ്ണിൽ പൊടിയിടുന്ന തന്ത്രമൊന്നും വിലപ്പോകില്ലെന്നാണ് കർഷകർ പറയുന്നത്.