ജലഅഥോറിറ്റിയുടെ അനാസ്ഥ: ശുദ്ധജലം പാഴാകുന്നു
1581878
Thursday, August 7, 2025 1:07 AM IST
ഒറ്റപ്പാലം: ഇൻഫന്റ് ജീസസ് ചർച്ചിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നു. ഒന്നരമാസത്തിലധികമായി ശുദ്ധജലം പാഴാകുന്ന തകരാറ് പരിഹരിക്കാതെ അധികൃതർ ഒഴിഞ്ഞുമാറുന്നതായി പരാതി ഉയർന്നു.
താലൂക്ക് ആശുപത്രിക്കു സമീപമുള്ള പൈപ്പ് പൊട്ടിയാണ് വെള്ളം പാഴാകുന്നത്. തകരാർ പരിഹരിക്കാനെടുത്ത കുഴി പ്രശ്നപരിഹാരമില്ലാതെ മണ്ണിട്ടുമൂടിയതായും പരാതിയുണ്ട്. ഇതുമൂലം വെള്ളം വ്യാപകമായി നഷ്ടപ്പെടുന്നുമുണ്ട്.
താലൂക്ക് ആശുപത്രിക്ക് സമീപം ഇൻഫന്റ് ജീസസ് ചർച്ചിന് മുമ്പിലാണ് പൈപ്പ് നന്നാക്കാനായി കുഴിയെടുത്തത്. പൈപ്പ് നന്നാക്കാത്തതും കുഴിമൂടാത്തതും സംബന്ധിച്ച് വ്യാപകമായി പരാതി ഉയർന്നിരുന്നു.
ഇതിന് പിന്നാലെയാണ് കുഴി മൂടിയത്. എന്നാൽ, വെള്ളംപാഴാകുന്ന പ്രശ്നത്തിനു പരിഹാരമായിട്ടില്ല. ഒന്നരമാസമായി വെള്ളം പാഴാകുന്ന പ്രശ്നം പരിഹരിക്കാതെയാണ് അധികൃതരുടെ കണ്ണിൽ പൊടിയിടൽ.
പമ്പിംഗ് മെയിനിലുണ്ടായ പൊട്ടൽ പരിഹരിക്കാൻ ഇതുവരെയായി നടപടിയുണ്ടായിട്ടില്ല. ഇതുകാരണം പള്ളിയിലേക്ക് വരുന്ന വിശ്വാസികളും വാഹനങ്ങളും കുടുങ്ങിയിരിക്കുകയാണ്. സദാസമയവും വെള്ളം ഒഴുകി കൊണ്ടിരിക്കുന്നതിനാൽ രണ്ടു കവാടങ്ങൾക്കു മുൻപിലുള്ള വഴികളും ചെളിക്കുളമായി മാറി.