പാലിയേക്കരയിലെ ടോൾപിരിവ് നിർത്തണമെന്ന കോടതി ഉത്തരവ് പന്നിയങ്കരക്കും ഗുണമായേക്കും
1581882
Thursday, August 7, 2025 1:07 AM IST
വടക്കഞ്ചേരി: പാലിയേക്കരയിലെ ടോൾപിരിവ് നാലാഴ്ച തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധി പന്നിയങ്കരയ്ക്കും ഗുണകരമാകുമെന്ന് വിലയിരുത്തൽ. പന്നിയങ്കരയിലെ കേസ് അടുത്താഴ്ചയാണ് പരിഗണിക്കുന്നത്.
വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാതയിൽ തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കും റോഡിന്റെ ശോച്യാവസ്ഥയും മൂലം പന്നിയങ്കര ടോൾപ്ലാസയിലെ ടോൾപിരിവ് നിർത്തിവയ്പിക്കണമെന്നാവശ്യപ്പെട്ട് വടക്കഞ്ചേരിയിലെ വോയ്സ് ഓഫ് വടക്കഞ്ചേരി എന്ന കലാ-കായിക-സാംസ്കാരിക കൂട്ടായ്മ രണ്ടാഴ്ചമുമ്പ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയിട്ടുണ്ട്. സംഘടനയുടെ പ്രസിഡന്റ് നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ച് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കൂട്ടായ്മ പ്രസിഡന്റും വടക്കഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി. ഗംഗാധരൻ പറഞ്ഞു.
യാത്രക്കാർക്ക് അനുകൂലമായ ഉത്തരവ് പന്നിയങ്കരയിലും ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്ന് പാലിയേക്കരയിലെ ടോൾപിരിവിനെതിരെ ഹർജി നൽകി അനുകൂല ഉത്തരവ് സമ്പാദിച്ച തൃശൂരിലെ പ്രമുഖ അഭിഭാഷകനും ഡിസിസി ജനറൽ സെക്രട്ടറിയുമായ ഷാജി കോടങ്കണ്ടത്ത് പറഞ്ഞു. ദേശീയപാതയിൽ നടക്കുന്ന മേൽപ്പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങളാണ് നിലവിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം.
ഇവിടെ വാഹനങ്ങൾ തിരിച്ചുവിടുന്ന സർവീസ് റോഡുകൾ പോലും ഗതാഗതയോഗ്യമല്ല. അടിസ്ഥാനസൗകര്യങ്ങളായ മേൽപ്പാലങ്ങൾ, സർവീസ് റോഡുകൾ, ബസ് ബേകൾ, അഴുക്കുചാലുകൾ, വഴിവിളക്കുകൾ എന്നിവ പൂർത്തിയാക്കാതെയാണ് 2022 മാർച്ച് ഒമ്പതിനാണ് പന്നിയങ്കരയിൽ ടോൾപിരിവ് ആരംഭിച്ചത്. റോഡ് നിർമാണം പൂർത്തിയാകാതെ ടോൾപിരിവ് തുടങ്ങിയതിൽ നേരത്തേയും വ്യാപക പ്രതിഷേധമുയർന്നിരുന്നു.
പദ്ധതിയുടെ ആസൂത്രണത്തിലെ പാളിച്ചകളും കെടുകാര്യസ്ഥതയും അഴിമതിയുമാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നതെന്നു സംഘടന ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തുടർച്ചയായി തകരാറിലാകുന്ന വടക്കഞ്ചേരി മേൽപ്പാലം ഇതിനുദാഹരണമാണ്. റോഡിലെ കുഴികളും ഗതാഗതക്കുരുക്കും താണ്ടിയെത്തുന്ന യാത്രക്കാർ ടോൾപ്ലാസ ജീവനക്കാരുമായി വാക്കുതർക്കവും സംഘർഷങ്ങളും പതിവാണ്. സുരക്ഷിതവും സുഖകരവുമായ യാത്രയ്ക്കാണ് ടോൾ ഈടാക്കുന്നതെങ്കിലും നിലവിലെ അവസ്ഥയിൽ ടോൾ ഈടാക്കുന്നത് അന്യായവും ജനദ്രോഹവുമാണെന്ന് സംഘടന പറയുന്നു. റോഡ് പണി പൂർത്തിയാകുന്നതുവരെ പന്നിയങ്കരയിലെ ടോൾപിരിവ് നിർത്തിവയ്ക്കണമെന്നാണ് സംഘടന ആവശ്യപ്പെട്ടിട്ടുള്ളത്.