ചിറ്റൂർ താലൂക്കാശുപത്രിയിൽ രോഗികൾക്ക് ഇരിപ്പിടമില്ല
1581875
Thursday, August 7, 2025 1:07 AM IST
ചിറ്റൂർ: താലൂക്ക് ആശുപത്രിയിൽ ഒപിക്കു മുന്നിൽ ഡോക്ടറെ കാണാൻ അസുഖബാധിതർ ദീർഘനേരം നിൽക്കേണ്ടിവരുന്നത് ദുരിതം. പനിയും മറ്റ് അസുഖങ്ങളുമായിവരുന്നവർക്ക് പുതിയകെട്ടിടത്തിൽ മതിയായ ഇരിപ്പിടസൗകര്യമോ ടോക്കൺ സംവിധാനമോ ഏർപ്പെടുത്തിയിട്ടില്ല.
ഏറെനേരം വരിയിൽ നിൽക്കേണ്ടതായി വരുന്നവർ ഡോക്ടറെ കാണാനെത്തുമ്പോൾ കൂടുതൽ ക്ഷീണിതരാവുന്നു. പഴയകെട്ടിടത്തിലുണ്ടായിരുന്ന ഇരിപ്പിട സൗകര്യങ്ങൾ പോലും പുതിയ ബ്ലോക്കിൽ ഏർപ്പെടുത്തിയിട്ടില്ല. കൈകുഞ്ഞുങ്ങളുമായി ദീർഘനേരം വരിയിൽ നിൽക്കേണ്ടതായ സാഹചര്യമാണ് നിലവിലുള്ളത്.
ഏറെ സമ്മർദ്ദങ്ങൾക്കും സമരങ്ങൾക്കും ഒടുവിലാണ് ഒപി പുതിയ ബ്ലോക്കിലേക്ക് മാറ്റിയത്. എക്സ്റേ യൂണിറ്റ് ഇപ്പോഴും പഴയ കെട്ടിടത്തിൽ തന്നെയാണുള്ളത്. ഒപിയിൽ ഡോക്ടർ നിർദേശിക്കുന്നവർ എക്സ്റെ എടുക്കാൻ ദീർഘദൂരം നടക്കണം. സാങ്കേതിക വിദഗ്ധർ എത്തിയാൽ മാത്രമെ എക്സ്റെ പുതിയ ബ്ലോക്കിലേക്ക് മാറ്റാനാവൂ എന്നതാണ് നിലവിലുള്ള സാഹചര്യം. എത്രയും പെട്ടെന്ന് ഒപിയിലെത്തുന്നവർക്കെല്ലാം ഇരിപ്പിടസൗകര്യം ഏർപ്പെടുത്തണമെന്നാണ് ആവശ്യം.