യഥാർഥ ഹീറോകളെ നേരിൽകാണാൻ വിദ്യാർഥികളെത്തി
1581877
Thursday, August 7, 2025 1:07 AM IST
മേലാർകോട്: അപകടഘട്ടങ്ങളിൽ നാടിന്റെ രക്ഷകരായെത്തുന്ന യഥാർഥ ഹീറോകളെ സന്ദർശിച്ച് മേലാർകോട് സെന്റ് ആന്റണീസ് എൽപി സ്കൂൾ വിദ്യാർഥികൾ. നാലാംക്ലാസ് ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ലിറ്റിൽ ഹാൻഡ്സ് ബിഗ് കറേജ് എന്ന പാഠഭാഗവുമായി ബന്ധപ്പട്ടാണ് കുട്ടികൾ അഗ്നിശമനസേനയുടെ കുനിശേരിയിലുള്ള കാര്യാലയത്തിലെത്തിയത്.
സുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ബോധവത്കരണക്ലാസ് നടന്നു. ജീവൻ രക്ഷാസഹായികളുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് കാണിച്ചുകൊടുത്തു. അപകടഘട്ടങ്ങളെ എങ്ങനെ നേരിടണമെന്നും അപകടങ്ങളുണ്ടായാൽ എന്തൊക്കെ ശ്രദ്ധിക്കണമെന്നും അപകടങ്ങൾ ഒഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും അഗ്നിശമനസേനയിലെ ഉദ്യോഗസ്ഥർ കുട്ടികൾക്ക് ക്ലാസ് എടുത്തു. എസ്ടിഒ ബിനു സെബാസ്റ്റ്യൻ, എഎസ്ടിഒ സി.എ. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷ പരിശീലനം നടന്നത്. പ്രധാനാധ്യാപിക സിസ്റ്റർ സിമി ജെയിംസ്, അധ്യാപകരായ സുനിത കെ. ജോസഫ്, സുമി ചുമ്മാർ എന്നിവരാണ് നേതൃത്വം നൽകിയത്.