ദീപിക കളർ ഇന്ത്യ മത്സരം ഇന്ന്
1582141
Friday, August 8, 2025 1:19 AM IST
പാലക്കാട്: ഇന്ത്യയെന്ന വികാരം ഹൃദയതാളമായി മാറുന്ന ദീപിക കളർ ഇന്ത്യ മത്സരം ഇന്ന്. രാജ്യസ്നേഹത്തിനൊപ്പം മയക്കുമരുന്നിനെതിരായ പ്രതിരോധമുയർത്തി കുട്ടികൾ രചിക്കുന്ന പുതുചരിത്രത്തിന് ഇന്നു രാജ്യം സാക്ഷ്യംവഹിക്കും.
ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദീപിക നടത്തുന്ന കളർ ഇന്ത്യ സീസണ് ഫോർ മത്സരത്തിൽ രാജ്യമെന്പാടുംനിന്ന് പത്തു ലക്ഷത്തോളം വിദ്യാർഥികൾ നിറംചാർത്തും.
എൽകെജി മുതൽ പ്ലസ് ടുവരെയുള്ള കുട്ടികളാണ് വിവിധ വിഭാഗത്തിലായി ഈ ദേശീയതല വർണോത്സവത്തിൽ അണിചേരുന്നത്. സീസണ് ഫോറിൽ എത്തിയപ്പോൾ രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ കുട്ടികൾ അണിചേരുന്ന കളറിംഗ് മത്സരങ്ങളിലൊന്നായി ദീപിക കളർ ഇന്ത്യ മാറിക്കഴിഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിനു സ്കൂളുകളിൽ മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മത്സരത്തിനു മുന്നോടിയായി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ കളർ ഇന്ത്യ മത്സരത്തിനായി ഒരുക്കിയ ദേശഭക്തിഗാനം കുട്ടികൾ ആലപിക്കും. ദേശഭക്തിഗാനത്തിനൊപ്പം നൃത്തച്ചുവടുകളൊരുക്കിയും വിദ്യാർഥികൾ പങ്കുചേരും.
ലഹരിക്കെതിരേയുള്ള പോരാട്ടവും ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കാനുള്ള സന്ദേശവും കുട്ടികൾക്കു പകർന്നുനൽകാൻ ലക്ഷ്യമിട്ടാണ് ദീപികയും ദീപിക ബാലസഖ്യവും കൈകോർത്ത് കളർ ഇന്ത്യ മത്സരം സംഘടിപ്പിക്കുന്നത്.
മത്സരത്തിൽ പങ്കുചേരുന്ന എല്ലാവർക്കും പ്രശസ്ത സിനിമാതാരം മഞ്ജു വാര്യരുടെ കൈയൊപ്പുള്ള സർട്ടിഫിക്കറ്റുകൾ നൽകും.
കളർ ഇന്ത്യ പാലക്കാട് ജില്ലാതല ഉദ്ഘാടനം പാലക്കാട് സെന്റ് റാഫേൽ കത്തീഡ്രൽ സ്കൂളിൽ നടക്കും.
രാവിലെ 9.30നു രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. സ്കൂൾമാനേജർ ഫാ. ജോഷി പുലിക്കോട്ടിൽ അധ്യക്ഷത വഹിക്കും.
കേരള പെയിന്റ്സ് മാനേജിംഗ് ഡയറക്ടർ മിഥുൻ പുല്ലുമേട്ടിൽ, പ്രിൻസിപ്പൽ ഫാ. കെ.വി. ആന്റോ, വൈസ് പ്രിൻസിപ്പൽ സന്ധ്യ തോമസ്, പാലക്കാട് രൂപത ഡിഎഫ്സി പ്രസിഡന്റ് ബാബു എം. മാത്യു എന്നിവർ പ്രസംഗിക്കും. ഹെഡ്ബോയ് എൻ.ബി. ബെനിറ്റോ പ്രതിജ്ഞചൊല്ലും.
ദീപിക മാർക്കറ്റിംഗ് കോ-ഓർഡിനേറ്റർ ഫാ. ജിയോ ചെരടായി സ്വാഗതവും സീനിയർ ഏരിയ മാനേജർ സനൽ ആന്റോ നന്ദിയും പറയും.
ഒറ്റപ്പാലം ഏരിയതല
ഉദ്ഘാടനം
ഒറ്റപ്പാലം ഏരിയതല ഉദ്ഘാടനം രാവിലെ 9.45നു വള്ളിയോട് ശ്രീനാരായണ പബ്ലിക് സ്കൂളിൽ വടക്കഞ്ചേരി സിഐ കെ.പി. ബെന്നി നിർവഹിക്കും. സ്കൂൾ ട്രഷറർ ഉണ്ണികൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. ആർട്ടിസ്റ്റ് എൻ.കെ. ശ്രീദേവി ടീച്ചർ, സ്കൂൾചെയർമാൻ അഡ്വ. വി.വി. വിജയൻ, പ്രിൻസിപ്പൽ എം.കെ. മായ, സെക്രട്ടറി മോഹൻകുമാർ, ഏരിയ മാനേജർ ബെന്നി ജോസഫ് എന്നിവർ പ്രസംഗിക്കും.
കോയന്പത്തൂർ
സോണൽതല ഉദ്ഘാടനം
കോയന്പത്തൂർ സോണൽതല ഉദ്ഘാടനം രാവിലെ 10.30ന് കുനിയമുത്തൂർ നിർമലമാത കോണ്‍വന്റ് മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഐ പ്ലസ് ടിവി സിഇഒ ആൻഡ് ഫൗണ്ടർ വി. ജോണ്‍ ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കും.
പ്രിൻസിപ്പൽ സിസ്റ്റർ ജയ എസ്എബിഎസ്, സെന്റ് മാർക്സ് പള്ളി വികാരി ഫാ. ബിജോ പാലയിൽ, കോണ്‍വന്റ് സുപ്പീരിയർ സിസ്റ്റർ നിർമല എസ്എബിഎസ്, മാർക്കറ്റിംഗ് ഏരിയ മാനേജർ വി. മനോജ്, സർക്കുലേഷൻ ഏരിയ മാനേജർ ജി. സന്തോഷ് എന്നിവർ പ്രസംഗിക്കും.