എരിമയൂർ ബഡ്സ് സ്കൂൾ വിദ്യാർഥികൾ ദേശീയപതാക നിർമാണത്തിരക്കിൽ
1582138
Friday, August 8, 2025 1:19 AM IST
ആലത്തൂർ: എരിമയൂർ ഗ്രാമപഞ്ചായത്തിലെ ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ വിദ്യാർഥികൾ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയപതാക നിർമിക്കുന്ന തിരക്കിൽ.
പേപ്പർ പതാകയുടെ വില്പനയിലൂടെ സമാഹരിക്കുന്ന തുകയിൽനിന്നും ഒരുവിഹിതം കാൻസർ ബാധിച്ച് ചികിത്സയിലിരിക്കുന്ന തങ്ങളുടെ സഹപാഠിക്ക് നല്കണം. കഴിഞ്ഞ മൂന്നുവർഷവും എരിമയൂർ ബഡ്സ് സ്കൂൾ വിദ്യാർഥികൾ സ്വാന്തന്ത്ര്യ ദിനത്തോടനുബന്ധിച്ച് പേപ്പർ പതാകകൾ നിർമിച്ച് വില്പന നടത്തുന്നുണ്ട്.
കഴിഞ്ഞ വർഷത്തെ ലാഭത്തിൽ നിന്നും 5000 രൂപ വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുതിതാശ്വാസ നിധിയിലേക്കു നല്കിയിരുന്നു. എരിമയൂരിലേയും പരിസര പഞ്ചായത്തുകളിലേയും സ്കൂൾ വിദ്യാർഥികൾക്കാണ് ദേശീയപതാക വില്പന നടത്തുന്നത്. ഒരു പതാകയ്ക്ക് അഞ്ചുരൂപയാണ് വില.
ഈ വർഷം 10000 പതാകയുടെ വില്പനയാണ് ബഡ്സ് ലക്ഷ്യമിടുന്നത്. 42 വിദ്യാർഥികളടങ്ങുന്ന എരിമയൂർ ബഡ്സിലെ പരിശീലനം ലഭിച്ച പന്ത്രണ്ടോളം വിദ്യാർഥികളാണ് പതാക നിർമാണത്തിന് നേതൃത്വം നൽകുന്നത്.