നെന്മാറയിൽ ആർആർടി യാഥാർഥ്യമായില്ല
1582142
Friday, August 8, 2025 1:19 AM IST
നെന്മാറ: വന്യജീവി ആക്രമണം വൻതോതിൽ കൂടിയിട്ടും ആർആർടി (ദ്രുത പ്രതികരണ സേന) നെന്മാറയിൽ യാഥാർഥ്യമായില്ല. നെന്മാറ ഡിവിഷനിൽ കെ. ബാബു എംഎൽഎ നൽകിയ വാഹനം കൊല്ലങ്കോട് റേഞ്ചിലും, മുൻ എംപി രമ്യ ഹരിദാസ് നൽകിയ വാഹനം ആലത്തൂർ റേഞ്ചിലും ഉപയോഗിക്കുന്നതു മറ്റാവശ്യങ്ങൾക്ക്.
മൂന്നുവർഷംമുമ്പ് സിസിഎഫ് ഇറക്കിയ ഉത്തരവ് പ്രകാരം വർക്കിംഗ് അറേഞ്ച്മെന്റിൽ ജീവനക്കാരെ വിന്യസിച്ച് ആർആർടി പ്രവർത്തിക്കാനായിരുന്നു നിർദേശം.
എന്നാൽ ജീവനക്കാരുടെ കുറവ് എന്ന പേരുപറഞ്ഞ് ആർആർടി സംവിധാനം ഇനിയും നെന്മാറ മേഖലയിൽ പ്രാബല്യത്തിലായില്ല. നെന്മാറ ഡിവിഷനിൽ പലയിടങ്ങളിലും വ്യാപകമായി കാട്ടാന, കാട്ടുപന്നി, മാൻ, പുലി, കുരങ്ങ്, മലയണ്ണാൻ വ്യാപകമായി കൃഷിനാശം നടത്തുമ്പോഴും വനംവകുപ്പ് പടക്കംപൊട്ടിച്ച് സമയം കളയുന്നതായി കർഷകരുടെ വ്യാപക പരാതി.
വനംവാച്ചർമാരുടെ കകൈയ്യിൽ കൊടുത്തുവിടുന്ന പരിമിത എണ്ണം പടക്കം പൊട്ടിക്കലിൽ ഒതുങ്ങുന്നു വന്യജീവി പ്രതിരോധം. സ്ഥിരം ശല്യക്കാരായ കാട്ടാനകളെ ഉൾക്കാട്ടിലേക്കുകയറ്റാൻ വനംവകുപ്പിന് ലക്ഷങ്ങൾ മുടക്കി റബർബുള്ളറ്റ് തോക്കുകൾ വാങ്ങിച്ചിട്ടുണ്ടെങ്കിലും അവ സെക്്ഷൻ ഓഫീസുകളിലും റേഞ്ച് ഓഫീസുകളിലും വിശ്രമത്തിലാണ്.
പരിശീലനം ലഭിച്ചിട്ടില്ല, ഉപയോഗിക്കുന്നതിൽ നിയന്ത്രണം തുടങ്ങി നിരവധി കാരണങ്ങളാണ് നിരത്തുന്നത്. വൈദ്യുതവേലി മിക്കയിടത്തും പ്രവർത്തനരഹിതമാണ്. പരിപാലനത്തിന് ഫണ്ടില്ലാത്തതും കാലാവധി കഴിഞ്ഞ ബാറ്ററിയും മറ്റും കൂടുതൽ പ്രതിസന്ധിയുണ്ടാക്കുന്നു. വർഷങ്ങൾ മുമ്പ് തദ്ദേശസ്ഥാപന ഫണ്ട് ഉപയോഗിച്ച് വരെ സ്ഥാപിച്ച വൈദ്യുതവേലികൾ പലതും കാലപ്പഴക്കം കൊണ്ടും വന്യമൃഗങ്ങൾ തകർത്തും മിക്കയിടത്തും മറിഞ്ഞു കിടക്കുകയും ചാഞ്ഞു കിടക്കുകയും വള്ളിപ്പടർപ്പുകൾ കയറിയും കിടക്കുകയാണ്.
നബാർഡ് ഫണ്ട് ഉപയോഗിച്ച് കൃഷിവകുപ്പ് ശുപാർശയിൽ കേന്ദ്ര സംസ്ഥാന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന നെന്മാറ, അയിലൂർ, വണ്ടാഴി പഞ്ചായത്തുകളിലെ തൂക്കുവേലി നിർമാണവും മാസങ്ങളായിട്ടും എങ്ങും എത്തിയിട്ടില്ല. നെന്മാറ- വല്ലങ്ങി ടൗൺ പരിസരത്തുവരെ കാട്ടാനകളും മാനുകളും കൃഷിനാശം വരുത്തിയിട്ടും വനംവകുപ്പിന് കാര്യമായ നടപടികളെടുക്കാൻ കഴിഞ്ഞില്ല.