ഒറ്റപ്പാലം ചെർപ്പുളശേരി റോഡ് ആധുനികനിലവാരത്തിലേക്ക്
1582137
Friday, August 8, 2025 1:19 AM IST
ഒറ്റപ്പാലം: താലൂക്കിലെ രണ്ട് നഗരസഭകളെ ബന്ധിപ്പിക്കുന്ന ഒറ്റപ്പാലം- ചെർപ്പുളശേരി റോഡ് ആധുനിക നിലവാരത്തിലേക്കുയരുന്നു.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 54.29 കോടി ചെലവിൽ ആരംഭിച്ച ഒറ്റപ്പാലം ചെര്ഡപ്പുളശ്ശേരി റോഡിന്റെ നവീകരണം പുരോഗമിക്കുകയാണ്. ഡിസംബറോടെ റോഡ് നിർമാണം പൂർത്തീകരിക്കാനാകുമെന്ന് അഡ്വ.കെ. പ്രേംകുമാർ എംഎൽഎ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കൽ, റോഡ് വീതി കൂട്ടാൻ തടസം നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റൽ, കേബിളുകൾ മാറ്റിസ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. അനങ്ങൻമലയുടെ താഴ്വാരത്തിലൂടെയാണ് ഒറ്റപ്പാലം ചെർപ്പുളശ്ശേരി റോഡിന്റെ ഭൂരിഭാഗം ദൂരവും കടന്നുപോകുന്നത്.
വിനോദസഞ്ചാര മേഖല കൂടിയായ ഈ പ്രദേശത്ത് മഴക്കാലത്ത് വെള്ളം റോഡിലേക്ക് കയറി വാഹന ഗതാഗതത്തിന് തടസം സൃഷ്ടിച്ചിരുന്നു. ഒറ്റപ്പാലം ചെർപ്പുളശ്ശേരി ഭാഗത്തെ കിഴൂർ വരെയുള്ള 11 കിലോമീറ്റർ റോഡാണ് ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്തുന്നത്. വെള്ളം റോഡിലേക്ക് കയറാതിരിക്കാൻ 28 കൾവർട്ടുകളും നിർമിക്കുന്നുണ്ട്. ഊരാളുങ്കൽ ലേബർ കോണ്ട്രാക്ട് സൊസൈറ്റിക്കാണ് നിർമാണ ചുമതല.