ജില്ലാ ആശുപത്രിയിലെ നിർമാണം വിലയിരുത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ
1582146
Friday, August 8, 2025 1:19 AM IST
പാലക്കാട്: ജില്ലാ ആശുപത്രിയിലെ കെട്ടിടനിർമാണം വിലയിരുത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. 99 കോടി രൂപ ചെലവിൽ നിർമാണം പുരോഗമിച്ചു വരുന്ന കെട്ടിടത്തിന്റെ പ്രവൃത്തികൾ പകുതിയിലധികം പൂർത്തിയായതായും അറിയിച്ചു.
എംഎൽഎ ജില്ലാ ആശുപത്രിയിൽ വിളിച്ചുചേർത്ത ഇന്നലത്തെ യോഗത്തിൽ നിർമ്മാണ ചുമതല ഏറ്റെടുത്തിട്ടുള്ള ഹൈറ്റ്സ് എന്ന സർക്കാർ ഏജൻസിയാണ് നിർമാണപുരോഗതി റിപ്പോർട്ട് അവതരിപ്പിച്ചത്. 2026 ജനുവരി മാസത്തോടുകൂടി നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ആശുപത്രിയിൽ നിലവിൽ ഒഴിവുള്ള എല്ലാ തസ്തികകളിലെയും വിശദാംശങ്ങൾ എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു.
സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തി പരമാവധി വേഗത്തിൽ ഒഴിവുകൾ നികത്തുന്നതിനുവേണ്ടി സമ്മർദ്ദം ചെലുത്തുമെന്ന് യോഗത്തിൽ എംഎൽഎ അറിയിച്ചു.
ജില്ലാ ആശുപത്രിയെ ജനറൽ ആശുപത്രിയായി ഉയർത്തുന്നതിനും, ആർദ്രം 2 പ്രകാരമുള്ള പുതിയ തസ്തികകൾ അനുവദിക്കുന്നതിനുവേണ്ടി സർക്കാരിൽ സമ്മർദ്ദമുണ്ടാക്കുമെന്ന് യോഗത്തിൽ എംഎൽഎ പറഞ്ഞു. വാർഡ് കൗൺസിലർ അനുപമ പ്രശോഭ്, ജില്ലാ ആശുപത്രി സൂപ്രണ്ട് പി.കെ. ജയശ്രീ, ആർഎംഒ ഡോ.വി.സി. ഗീത, ഡെപ്യൂട്ടി സൂപ്രണ്ട് ചാർജ് വഹിക്കുന്ന ഡോ.പി. കൃഷ്ണദാസ്, നഴ്സിംഗ് സൂപ്രണ്ട് രജനി, ഹൈറ്റ്സ് മാനേജർ എം. അരുൺ എന്നിവർ യോഗത്തിൽ പങ്കെടുത്തു.