നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് പോത്തുണ്ടി ചെക്പോസ്റ്റിനു മുന്നിൽ ഉപരോധസമരം
1582145
Friday, August 8, 2025 1:19 AM IST
നെന്മാറ: കാട്ടുമൃഗ ശല്യത്തിനും മനുഷ്യനെ ആക്രമിക്കുന്ന അക്രമകാരിയായ കരിങ്കുരങ്ങിന്റെ ആക്രമണത്തിനുമെതിരെ വനപാലകർ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് പോത്തുണ്ടി വനം ചെക്ക്പോസ്റ്റിൽ ഉപരോധസമരം നടത്തി.
കർഷകസംഘം, ഡിവൈഎഫ്ഐ, കെഎസ്കെടിയു സംയുക്തഭിമുഖ്യത്തിലാണ് ഉപരോധസമരം.
പോത്തുണ്ടി ചെക്ക്പോസ്റ്റ് പരിസരത്തും, കോതശ്ശേരി, മാട്ടായി തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ മൂന്നുമാസമായി വഴിയാത്രക്കാരെയും ഇരുചക്രവാഹനക്കാരെയും യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമണകാരിയായ കരിങ്കുരങ്ങിന്റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
വനം അധികൃതരോട് പരാതിപ്പെട്ടിട്ടും ആക്രമണകാരിയായ കരിങ്കുരങ്ങനെ മയക്കുവെടിവച്ച് പിടിച്ചുമാറ്റാനോ കൂടുവച്ച് പിടികൂടാനോ വനംവകുപ്പ് തയാറാവാത്തതിൽ പ്രദേശവാസികൾ ഏറെ ദുരിതത്തിലായിരുന്നു.
കൂടാതെ പോത്തുണ്ടി കോതശ്ശേരി, മാട്ടായി, പൂങ്ങോട് പ്രദേശങ്ങളിൽ കാട്ടാനയും, മാനും, കാട്ടുപന്നിയും, പുലിയും കൃഷി നശിപ്പിക്കലും വളർത്തു മൃഗങ്ങളെ ആക്രമിക്കുകയും പതിവായതിനെ തുടർന്നാണ് വനം വകുപ്പ് ചെക്ക്പോസ്റ്റിനു മുന്നിൽ പ്രത്യക്ഷ സമരത്തിനിറങ്ങിയത്.
ഇന്നലെ രാവിലെ 11ന് ആരംഭിച്ച ഉപരോധസമരം 12 മണിയോടെ സമാപിച്ചു. ഉപരോധ സമരം സിപിഎം ഏരിയ സെക്രട്ടറി കെ. പ്രേമൻ ഉദ്ഘാടനം ചെയ്തു. എൽസി സെക്രട്ടറി കെ. നാരായണൻ അധ്യക്ഷനായി.
എൽസി അംഗങ്ങളായ വൈ. ഷെരീഫ്, എം. മനു, പഞ്ചായത്ത് അംഗങ്ങളായ പി.ജി. ജയൻ, എം. മഞ്ജുഷ, ഡിവൈഎഫ്ഐ ഭാരവാഹികളായ ജി. സുകു, എൻ. സുജിത് എന്നിവർ പ്രസംഗിച്ചു.