ഒറ്റപ്പാലം നഗരസഭ പ്രത്യേക യോഗം ചേർന്ന് വാർഷികപദ്ധതിക്ക് അംഗീകാരം നൽകി
1582140
Friday, August 8, 2025 1:19 AM IST
ഒറ്റപ്പാലം: വാർഷികപദ്ധതി ഭേദഗതി ശിപാർശയ്ക്ക് നഗരസഭാ കൗൺസിൽ അംഗീകാരം. വീണ്ടും കൗൺസിൽ യോഗംചേർന്നാണ് ഭേദഗതിക്ക് അംഗീകാരം നൽകിയത്. നേരത്തെ ക്രമവിരുദ്ധമായാണ് ശിപാർശ സമർപ്പിച്ചതെന്ന പ്രതിപക്ഷ കക്ഷികളുടെ പരാതിയെത്തുടർന്ന് പദ്ധതി ഭേദഗതി ശിപാർശയ്ക്ക് ഡിപിസിയിൽനിന്ന് മടക്കി അയച്ചിരുന്നു. പദ്ധതി ഭേദഗതിയുമായി ബന്ധപ്പെട്ടു കഴിഞ്ഞ 14നാണ് കൗൺസിൽ യോഗം നടന്നിരുന്നത്.
യോഗത്തിൽ അജൻഡ അപൂർണമാണെന്ന് പ്രതിപക്ഷകക്ഷികൾ ആരോപിച്ചിരുന്നു. സ്ഥിരംസമിതികളിൽ ചർച്ച ചെയ്യാതെയാണ് വിഷയം കൗൺസിലിൽ വച്ചതെന്നുമായിരുന്നു യുഡിഎഫ്, ബിജെപി അംഗങ്ങളുടെ വാദം. തുടർന്ന്, അജൻഡ അംഗീകരിക്കാതെ അംഗങ്ങൾ യോഗത്തിൽനിന്ന് ഇറങ്ങിപോകുകയും വിയോജനക്കുറിപ്പ് നൽകുകയും ചെയ്തു. ഇതിന് പിന്നാലെ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങളുടെ മാത്രം അംഗീകാരത്തോടെ ഭേദഗതി ശിപാർശ ഡിപിസിക്ക് വിടുകയായിരുന്നു.പ്രതിപക്ഷ അംഗങ്ങൾ ജില്ലാ കളക്ടർ, ജോയിന്റ് ഡയറക്ടർ തുടങ്ങിയവരെയടക്കം പരാതിയുമായി സമീപിക്കുകയും ചെയ്തു.
പരാതി പരിഗണിച്ച് നഗരസഭാ ഓഫീസിലെത്തിയ ഉദ്യോഗസ്ഥർ ഭരണ- പ്രതിപക്ഷ അംഗങ്ങളുടെ വാദംകേട്ടു. റിപ്പോർട്ട് ജില്ലാ പ്ലാനിംഗ് ഓഫിസർക്ക് നൽകുകയും ചെയ്തു. നിയമപരമായ നടപടിക്രമങ്ങളാണ് ആവശ്യപ്പെട്ടതെന്നും പദ്ധതി ഭേദഗതിയോടു വിയോജിപ്പില്ലെന്നുമായിരുന്നു പ്രതിപക്ഷകക്ഷികളുടെ നിലപാട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഇരുപക്ഷത്തെയും പങ്കെടുപ്പിച്ചു യോഗം ചേരുകയും പ്രശ്നം ചർച്ച ചെയ്യുകയും ചെയ്തു. വീണ്ടും കൗൺസിൽ യോഗം വിളിച്ചു ചേർത്തു ശിപാർശ സമർപ്പിക്കാമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും യോഗം ചേർന്ന് അജൻഡക്ക് അംഗീകാരം നൽകിയത്.