കോട്ടോപ്പാടം കെഎഎച്ച്എസ്എസ് സുവർണ ജൂബിലിയാഘോഷം: സംഘാടകസമിതിയായി
1582139
Friday, August 8, 2025 1:19 AM IST
കോട്ടോപ്പാടം: വിജ്ഞാനത്തിന്റെ നിത്യപ്രഭ പകർന്ന് നിരവധി തലമുറകളെ ജീവിതവിജയത്തിലേക്കും നേർവഴിയിലേക്കും നയിച്ച കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കൻഡറി സ്കൂൾ സുവർണ ജൂബിലി നിറവിൽ.
വിദ്യാഭ്യാസ, സാമൂഹ്യ പിന്നോക്കാവസ്ഥ അനുഭവിച്ചിരുന്ന കോട്ടോപ്പാടം മേഖലയിലെ വിദ്യാർഥികൾക്ക് പ്രൈമറി സ്കൂൾ പഠനത്തിനു ശേഷം ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകൾ അകലെയുള്ള വിദ്യാലയങ്ങളെ ആശ്രയിക്കേണ്ട ദുരവസ്ഥക്ക് പരിഹാരമായാണ് പൊതുകാര്യ പ്രസക്തനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന കല്ലടി അബ്ദുഹാജി 1976ൽ കോട്ടോപ്പാടം ഹൈസ്കൂൾ സ്ഥാപിച്ചത്.
1979ൽ യുപി വിഭാഗവും 2002 മുതൽ ഹയർ സെക്കൻഡറി വിഭാഗവും അനുവദിച്ചു. മുൻ എംഎൽഎ കല്ലടി മുഹമ്മദ് ആരംഭം തൊട്ട് ദീർഘകാലം സ്കൂളിന്റെ മാനേജരായിരുന്നു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിലും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുന്ന വിദ്യാലയം അഞ്ച് ദശാബ്ദക്കാലത്തെ സുസ്ഥിര മികവുമായാണ് സുവർണ ജൂബിലി ആഘോഷിക്കുന്നത്.
അഞ്ചുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലായി രണ്ടായിരത്തിലധികം വിദ്യാർഥികളും നൂറിലേറെ അധ്യാപകരും ജീവനക്കാരുമാണ് വിദ്യാലയത്തിലുളളത്. സുവർണ ജൂബിലി ആഘോഷ സംഘാടക സമിതി രൂപീകരണ യോഗം കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.ടി. അബ്ദുള്ള അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ എ. അബൂബക്കർ പ്രഭാഷണം നടത്തി.
സ്കൂൾ മാനേജിംഗ് ട്രസ്റ്റ് ചെയർമാൻ കല്ലടി അബൂബക്കർ, ജില്ലാ പഞ്ചായത്തംഗം ഗഫൂർ കോൽക്കളത്തിൽ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ റഫീന മുത്തനിൽ, പഞ്ചായത്തംഗം ഒ. നാസർ, പ്രിൻസിപ്പൽ എം.പി. സാദിഖ്, പ്രധാനാധ്യാപകൻ കെ.എസ്. മനോജ്, എസ്എംസി ചെയർമാൻ പറമ്പത്ത് മുഹമ്മദലി പ്രസംഗിച്ചു.