ബസ് സർവീസ് ഇല്ലെങ്കിലും..
1582136
Friday, August 8, 2025 1:19 AM IST
വടക്കഞ്ചേരി: ബസ് സർവീസുള്ള റോഡുകളിലാണ് ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുക എന്നൊക്കെയുള്ള വാദങ്ങൾക്ക് അപവാദമാണ് ചിറ്റടി- ചീളി- മാപ്പിളപ്പൊറ്റ റോഡിലെ ഈ ബസ് കാത്തിരിപ്പു കേന്ദ്രം.
സ്ഥലത്ത് ആൾതാമസം പോലുമില്ല. വണ്ടാഴി പഞ്ചായത്തിലെ മുടപ്പല്ലൂർ- മംഗലംഡാം റോഡിൽ നിന്നും ചിറ്റടിയിലെത്തി അവിടെനിന്നും തിരിഞ്ഞു പോകുന്ന റോഡിലാണ് യാത്രക്കാരെ കാത്ത് ബസ് കാത്തിരിപ്പുകേന്ദ്രമുള്ളത്. ഈ റോഡിലൂടെ ബസ് സർവീസുമില്ല.
പുഴയോരത്തായാണ് ഈ കാത്തിരിപ്പു കേന്ദ്രം. പുഴക്കുകുറുകെ നന്നേ വീതി കുറഞ്ഞതും തീരെ ഉയരമില്ലാത്തതുമായ ഒരു ചപ്പാത്ത് മാത്രമാണുള്ളത്. ഇതിലൂടെ കാറുകൾക്കും മറ്റു ചെറിയ വാഹനങ്ങൾക്കും മാത്രമേ കഷ്ടിച്ച് കടന്നു പോകാനാകു. നല്ല മഴപെയ്താൽ ഈ ചപ്പാത്ത് മുങ്ങിയാണ് പുഴയിലൂടെ വെള്ളം ഒഴുകുക.
കാർ യാത്രക്കാർക്കാണെങ്കിൽ ഇങ്ങനെ ഒരു കാത്തിരിപ്പ് കേന്ദ്രത്തിന്റെ ആവശ്യവും വരാറില്ല.
സാമൂഹ്യവിരുദ്ധരും മദ്യപസംഘങ്ങളും ലഹരിമരുന്നു കച്ചവടക്കാരുമാണ് പുഴയോരത്തുള്ള ഈ ബസ് കാത്തിരിപ്പ് കേന്ദ്രം ഇപ്പോൾ ഉപയോഗിക്കുന്നത്.
ഒറ്റപ്പെട്ട സ്ഥലമായതിനാൽ ഇത്തരക്കാർക്ക് ഇത് ഏറെ പ്രയോജനപ്പെടുന്നുമുണ്ട്. വൃദ്ധവിശ്രമകേന്ദ്രം എന്ന പേരിൽ ഒരു പതിറ്റാണ്ട് മുമ്പാണ് ഇത് നിർമിച്ചത്.
ചപ്പാത്ത് മാറ്റി പാലം നിർമിക്കാൻ കഴിഞ്ഞ സംസ്ഥാന ബജറ്റിൽ ഒന്നര കോടി രൂപ അനുവദിച്ചതായി വാർത്തകളുണ്ടായിരുന്നു.
ഇത് ഏതുകാലത്ത് നടക്കും എന്നൊക്കെ ഇനി കണ്ടറിയേണ്ടി വരും. പങ്കുവക്കൽ കഴിഞ്ഞ് ഈ കുറഞ്ഞതുകക്ക് നല്ല പാലം നിർമിക്കാനാകുമോ എന്നൊക്കെയുള്ള സംശയങ്ങളും നിലനിൽക്കുന്നുണ്ട്.
ആളൊഴിഞ്ഞ പ്രദേശത്ത് ഇങ്ങനെ ഒരു വിശ്രമകേന്ദ്രം എന്തിനായിരുന്നു എന്നത് പതിറ്റാണ്ട് പിന്നിടുമ്പോഴും ഇന്നും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുകയാണ്.