കാട്ടാനകളുടെ വിളയാട്ടം തുടരുന്നു; വ്യാപകമായി കൃഷി നശിപ്പിച്ചു
1582144
Friday, August 8, 2025 1:19 AM IST
കല്ലടിക്കോട്: ധോണി മുതൽ കല്ലടിക്കോട് വരെയുള്ള മലയോര മേഖലയിൽ ഞാറക്കോട്ടും കയ്യറയിലും മരുതുംകാട്ടും കാട്ടാനകൾ വ്യാപകമായി കൃക്ഷി നശിപ്പിച്ചു.
മരുതുംകാട് കല്ലംകുന്ന് ഭാഗത്തെ നിരവധി വൈദ്യുതിപോസ്റ്റുകൾ തകർത്തു. പ്രദേശത്ത് വൈദ്യുതി തടസപ്പെട്ടു. പുലർച്ചെ എത്തിയ കാട്ടാനക്കൂട്ടമാണ് വ്യപകമായി നാശഷ്ടങ്ങൾ വരുത്തിയത്.
കഴിഞ്ഞ ദിവസം രാത്രി ഞാറക്കോട് ബംഗ്ലാംകുന്ന് ഭാഗത്ത് വൈദ്യുതിവേലിയുടെ മുകളിലേയ്ക്ക് മരം ചവിട്ടി മറിച്ച് കൃഷിയിടത്തിലേയ്ക്കിറങ്ങിയ കാട്ടാന കോർമ്മ, അരിമണിക്കാട്, വെണ്ടക്കാം പാറ, കൂനക്കാട് ഭാഗങ്ങളിൽ വ്യപകമായി നാശം വരുത്തി.
രാത്രി പുറത്ത് ശബ്ദം കേട്ട് മുറ്റത്തേയ്ക്കിറങ്ങിയ പ്രദീപിനെ കാട്ടാന ഓടിച്ചു. വീട്ടിലേയ്ക്ക് ഓടിക്കയറിയതിനാൽ ആനയുടെ പിടിയിൽനിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നാലെ പാഞ്ഞെത്തിയ ആന വീടിന്റെ ചുവരിൽ കൊമ്പുകൊണ്ട് മൂന്ന് ഇഞ്ചോളം കുത്തിയിറക്കി.
വീട്ടുകാരേയും ഓടിച്ചെങ്കിലും അവരും വീടിനകത്ത് കയറി വാതിലടച്ചതിനാൽ മാത്രമാണ് രക്ഷപ്പെട്ടത്. ദ്രുതകർമസേന രാത്രി വരുന്നുണ്ടെങ്കിലും കാര്യമില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കാട്ടാനകൾ ജനവാസമേഖലയിൽ ഇറങ്ങി എന്നറിയുമ്പോൾ എത്തുന്ന ദ്രുതകർമസേനയ്ക്ക് മതിയായ ആയുധങ്ങൾ പോലും ഇല്ല. പടക്കം പൊട്ടിച്ചും, പാട്ടകൊട്ടിയും കാട്ടാനകളെ തുരത്തുന്ന രീതിയാണു ഇപ്പോഴും വനം വകുപ്പ് പിന്തുടരുന്നത്.
നിരന്തരം കാട്ടാനകൾ ഇറങ്ങുന്നതിനാൽ സ്ഥലം വിൽക്കാൻ പോലും കഴിയുന്നില്ലെന്നാണ് പ്രദേശത്തെ കർഷകർ പറയുന്നത്. വന്യ മൃഗങ്ങളുടെ ശല്യം നിയന്ത്രിക്കാൻ ശാശ്വത മാർഗങ്ങൾ സ്വീകരിക്കണമെന്ന് കർഷകർ പറഞ്ഞു.
രാത്രിയും പകലും കാട്ടാനകൾ ഇറങ്ങുന്നത് വനം വകുപ്പിന്റെ പിടിപ്പു കേടാണെന്നും ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കുങ്കിയാനകളെ കൊണ്ടുവന്ന് കാട്ടാനകളെ പിടിച്ച് മെരുക്കിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.