വനംമന്ത്രിക്കു കിഫയുടെ നിവേദനം
1582410
Saturday, August 9, 2025 1:01 AM IST
വടക്കഞ്ചേരി: പീച്ചി കാട്ടിൽ നിന്നും ആനക്കൂട്ടങ്ങൾ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് തടയാൻ വനം വകുപ്പിന്റെ ഭാഗത്തുനിന്നും അടിയന്തര നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ആലത്തൂർ നിയോജകമണ്ഡലം കമ്മിറ്റി പാലക്കുഴിയിലെ ജോഷി ആന്റണിയുടെ നേതൃത്വത്തിൽ വനംമന്ത്രി എ.കെ. ശശീന്ദ്രന് നിവേദനം നൽകി.
പീച്ചി വനാതിർത്തിയിലെ സോളാർ ഫെൻസിംഗ് കാര്യക്ഷമമായി പ്രവർത്തിക്കാത്തതിനാൽ ആന ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലിറങ്ങുന്ന സ്ഥിതിയാണ്.
കിഴക്കഞ്ചേരി, കണ്ണമ്പ്ര പഞ്ചായത്തുകളിൽപ്പെടുന്ന പാലക്കുഴി, പുല്ലംപരുത, കണച്ചിപരുത, പിട്ടുക്കാരികുളമ്പ്, കരടിയള, പനംകുറ്റി, താമരപ്പിള്ളി, റക്കാണ്ടി തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ പത്തുവർഷത്തോളമായി ആനശല്യം തുടരുന്നുണ്ട്.
പ്രദേശത്തെ ജനങ്ങളുടെ ഉപജീവനമാർഗമാണ് കൃഷി. എന്നാൽ ആനക്കൂട്ടങ്ങളും പന്നിക്കൂട്ടങ്ങളും കൃഷി നശിപ്പിച്ച് കൃഷിയിടങ്ങളെല്ലാം തരിശീടേണ്ട ഗതികേടിലാണ് കർഷകർ. ഇത് ജനങ്ങളുടെ ജീവിതമാർഗമാണ് ഇല്ലാതാക്കുന്നത്. ജീവിക്കാൻ വഴിയില്ലാതെ ആത്മഹത്യാവക്കിലാണ് കർഷക കുടുംബങ്ങൾ. വന്യജീവികളെ വനത്തിൽ തന്നെ സംരക്ഷിക്കുന്നതിനുള്ള നടപടി ഉണ്ടാകണം.
ഇതിനായി പീച്ചി വൈൽഡ് ലൈഫ് വാർഡനെ നിർദേശം നൽകുന്നതിനൊപ്പം അതിനുള്ള ഫണ്ട് കൂടി അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
വനാതിർത്തിയിൽ നിലവിലുള്ള ഫെൻസിംഗ് നിലനിർത്തി കൊണ്ട് തന്നെ ഹാംഗിംഗ് ഫെൻസിംഗ് കൂടി സ്ഥാപിച്ചാൽ ആനശല്യത്തിന് കുറെയൊക്കെ പരിഹാരം കാണാനാകുമെന്ന് ജോഷി ആന്റണി പറഞ്ഞു.
ഫെൻസിംഗിന്റെ പ്രവർത്തനം വിലയിരുത്താനും വേലിയിൽ കാടുകയറുന്നത് തടയുന്നതിനുള്ള സംവിധാനങ്ങളും ഉണ്ടാക്കണം. ആർആർടി സംഘത്തെ നിയോഗിച്ച് ആനകളെ ഉൾക്കാട്ടിലേക്ക് തുരുത്താനും നടപടി ഉണ്ടാകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.