ജില്ലയിൽ 180 കിലോമീറ്റർകൂടി പ്രതിരോധവേലി സ്ഥാപിക്കുമെന്നു വനംമന്ത്രി എ.കെ. ശശീന്ദ്രന്
1582414
Saturday, August 9, 2025 1:01 AM IST
നെന്മാറ: വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി ജില്ലയില്‍ 180 കിലോമീറ്റർ ദൂരം കൂടി പ്രതിരോധ വേലി സ്ഥാപിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. പ്രതിരോധവേലി നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഇതോടു കൂടി ജില്ലയിലെ മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.
വനം- വന്യജീവി വകുപ്പിന്റെ നിർമാണം പൂര്‍ത്തീകരിച്ച നെന്മാറയിലെ നെല്ലിയാമ്പതി ഫ്ളയിംഗ് സ്ക്വാഡ് ഓഫീസ് കെട്ടിടം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നബാര്‍ഡ് പദ്ധതിയില്‍ നടപ്പാക്കിയിട്ടുള്ള ആലത്തൂര്‍ റേഞ്ച് ഓഫീസ് കോംപ്ലക്സ്, നെല്ലിയാമ്പതി ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസ് കോംപ്ലക്സ്, നെന്മാറ, ആലത്തൂര്‍ എന്നീ നിയോജക മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ നിര്‍മിച്ച 36 കിലോമീറ്റർ സൗരോര്‍ജ തൂക്കുവേലി, സീതാര്‍കുണ്ട് ഇക്കോ ടൂറിസം സെന്ററില്‍ നിര്‍മ്മിച്ച ടിക്കറ്റ് കൗണ്ടര്‍, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.
കെ. ബാബു എംഎല്‍എ അധ്യക്ഷനായ ചടങ്ങിൽ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, നെന്മാറ, അയിലൂര്‍, കൊല്ലങ്കോട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പ്രബിത ജയന്, എസ്. വിഘ്നേഷ്, കെ. സത്യപാല്‍, നെന്മാറ ഗ്രാമപഞ്ചായത്തംഗം എ. രാധാകൃഷ്ണന്, പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. വിജയാനന്ദന് ഐഎഫ്എസ്, നെന്മാറ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി. പ്രവീണ്‍ പ്രസംഗിച്ചു.