തൃത്താല മണ്ഡലത്തില്‍ സോക്ക്പിറ്റ് സംവിധാനമൊരുങ്ങി: ഉദ്ഘാടനം ഇന്ന്
1582415
Saturday, August 9, 2025 1:01 AM IST
പാലക്കാട്: മലിനജലത്തെ ഫലപ്രദമായി സംസ്കരിക്കാന്‍ തൃത്താല മണ്ഡലത്തില്‍ സോക്ക്പിറ്റ് സംവിധാനമൊരുങ്ങി. സോക്ക് പിറ്റ് പദ്ധതിയുടെ ഉദ്ഘാടനം ഇന്നുച്ചയ്ക്കുശേഷം മൂന്നിന് മേഴത്തൂര്‍ റീജന്‍സി ഓഡിറ്റോറിയത്തില്‍ മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും.
സുസ്ഥിര തൃത്താലയുടെയും മാലിന്യമുക്ത നവകേരളം പദ്ധതിയുടെയും ഭാഗമായി തൃത്താല മണ്ഡലത്തിലെ പൊതുസ്ഥലങ്ങളില്‍ അജൈവ മാലിന്യ ശേഖരണത്തിനായി സ്ഥാപിക്കുന്ന ബിന്നുകളുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
പ്രദേശത്തെ നിശ്ചിത വീടുകളെ കമ്യൂണിറ്റിയായി തിരിച്ച് അടുക്കള, കുളിമുറി എന്നിവിടങ്ങളില്‍ നിന്നുള്ള മലിനജലം കമ്യൂണിറ്റി സോക്ക് പിറ്റില്‍ സംസ്കരിക്കും. പരിസ്ഥിതി മലിനീകരണം കുറയ്ക്കുകയും ചുറ്റുമുള്ള ശുചിത്വം നിലനിര്‍ത്തുന്നതിനും പദ്ധതി ഉപകാരപ്രദമാണ്. കൂടാതെ, ദുര്‍ഗന്ധം ലഘൂകരിക്കാന്‍ സോക്ക് പിറ്റുകള്‍ മുഖേന കഴിയും.
ആദ്യഘട്ടത്തില്‍ ചാലിശ്ശേരി,നാഗലശ്ശേരി തൃത്താല പഞ്ചായത്തുകളിലെ നഗറുകളിലാണ് സോക്ക് പിറ്റ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. മറ്റ് പഞ്ചായത്തുകളിലും പദ്ധതികള്‍ പൂര്‍ത്തീകരിക്കും. മണ്ഡലത്തിലെ എട്ടു ഗ്രാമപഞ്ചായത്തുകളിലായി തെരഞ്ഞെടുത്ത 75 കേന്ദ്രങ്ങളിലാണ് ബിന്നുകള്‍ സ്ഥാപിക്കുന്നത്.