സംസ്ഥാന സർക്കാർ കാളവണ്ടിയുഗത്തിലേക്ക് കൊണ്ടുപോകുന്നു: ഡിസിസി പ്രസിഡന്റ്
1582412
Saturday, August 9, 2025 1:01 AM IST
കൊഴിഞ്ഞാമ്പാറ: കേരളത്തെ കാളവണ്ടി യുഗത്തിലേക്ക് കൊണ്ടുപോകുന്ന നടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നു ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ.
പൊതുമരാമത്ത് മന്ത്രി അഴിമതി നടത്തിയതിന്റെ തെളിവാണ് റോഡുകൾ ഒരു വർഷത്തിനുള്ളിൽ നശിക്കുന്നത്. റോഡ് തകർച്ചയുടെ പേരിൽ രാജ്യത്തുതന്നെ ആദ്യമായിട്ടാണ് ടോൾ നിർത്തിവയ്ക്കുന്ന സാഹചര്യമുണ്ടായത്. വണ്ണാമടയിൽനിന്നും അത്തിക്കോട്ടേക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ കാളവണ്ടിസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എ. തങ്കപ്പൻ.
ഇരട്ടക്കുളം മുതൽ ഗോപാലപുരം വരെയുള്ള റോഡിൽ പതിനഞ്ചിലധികം പേർക്ക് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി.
ഇത്രയും അപകടങ്ങൾ നടന്നിട്ടും സ്ഥലം എംഎൽഎയും മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടി ഇതുവരെ റോഡ് തകർച്ചയുള്ള നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല. ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുന്നയിച്ചാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ കാളവണ്ടി സമരം നടത്തിയത്. ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, കെ.എസ്. തണികാജലം, കെ. ഗോപാലസ്വാമി, ഇ. സച്ചിദാനന്ദൻ, ഷെഫീഖ്, കെ. രാജമാണിക്യം, പൊൻരാജ്, ദാമോദരൻ, എ.ടി. ശ്രീനിവാസൻ പ്രസംഗിച്ചു.