ക്രിസ്തുജയന്തി 2025 ദേശീയ ആഘോഷം ഇന്നു ഡൽഹിയിൽ
Thursday, September 11, 2025 2:22 AM IST
ന്യൂഡൽഹി: പ്രത്യാശയുടെ തീർഥാടകരാകുക എന്ന ആപ്തവാക്യത്തോടെ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്ത ക്രിസ്തുജയന്തി 2025ന്റെ ദേശീയ ആഘോഷവും ഒന്നാം നിഖ്യാ കൗണ്‍സിലിന്റെ 1700-ാം വാർഷികാഘോഷവും ഇന്ന് ഡൽഹിയിലെ സിബിസിഐ ആസ്ഥാനത്തു നടക്കും. വിവിധ ക്രൈസ്തവസഭകളെ ഉൾപ്പെടുത്തി വൈകുന്നേരം നാലിന് നടക്കുന്ന എക്യുമെനിക്കൽ സമ്മേളനത്തോടെ പരിപാടികൾക്ക് തുടക്കമാകും.
ക്രൈസ്തവ ഐക്യം ശക്തിപ്പെടുത്തുന്നതിലും ആധുനികലോകത്ത് പൊതുവായ സാക്ഷ്യം വഹിക്കുന്നതിലും നിഖ്യാ വിശ്വാസപ്രമാണത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതായിരിക്കും ആഘോഷപരിപാടികൾ.
സമ്മേളനത്തെത്തുടർന്ന് വൈകുന്നേരം 6.30ന് ഇന്ത്യയുടെയും നേപ്പാളിന്റെയും അപ്പസ്തോലിക് നുണ്‍ഷ്യോ ആർച്ച്ബിഷപ് ലെയോപോൾദോ ജിറെല്ലിയുടെ കാർമികത്വത്തിൽ ഡൽഹി തിരുഹൃദയ പള്ളിയിൽ നടക്കുന്ന വിശുദ്ധ കുർബാനയിൽ ഡൽഹി, ഫരീദാബാദ്, ഗുഡ്ഗാവ് രൂപതകളിൽനിന്നുള്ള വിശ്വാസികളുൾപ്പെടെ നിരവധിപ്പേർ പങ്കെടുക്കും.
ജൂബിലിയോടനുബന്ധിച്ച് ഭാരത കത്തോലിക്കാ മെത്രാൻസമിതി(സിബിസിഐ) പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേരും. മൂന്ന് സഭകളുടെയും മേലധ്യക്ഷന്മാർ, കർദിനാൾമാർ, ആർച്ച്ബിഷപ്പുമാർ, ബിഷപ്പുമാർ എന്നിവരുൾപ്പെടെ 50 പ്രതിനിധികൾ പങ്കെടുക്കും.
ഇന്ത്യയിലെ സഭാ ദൗത്യത്തെയും ക്രൈസ്തവസമൂഹം നേരിടുന്ന സമകാലിക വെല്ലുവിളികളെയും പറ്റി യോഗം ചർച്ച ചെയ്യുമെന്ന് സിബിസിഐ സെക്രട്ടറി ജനറലും ഡൽഹി ആർച്ച്ബിഷപ്പുമായ ഡോ. അനിൽ തോമസ് കൂട്ടോ വ്യക്തമാക്കി.