ഗാസ യുദ്ധം അവസാനിപ്പിക്കണമെന്ന് മാർപാപ്പയും ജറൂസലെം പാത്രിയർക്കീസുമാരും
Friday, August 29, 2025 1:15 AM IST
വത്തിക്കാൻ സിറ്റി: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും മേഖലയിലെ സമാധാനത്തിനും ലെയോ പതിനാലാമൻ മാർപാപ്പയുടെയും ജറൂസലെമിലെ ലാറ്റിൻ, ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസുമാരുടെയും അഭ്യർഥന.
വിശുദ്ധ നാട്ടിലെ സംഘർഷം അവസാനിപ്പിക്കാൻ ഇനിയെങ്കിലും ബന്ധപ്പെട്ട കക്ഷികൾ തയാറാകണം. സംഘർഷം ഇതിനോടകംതന്നെ വളരെയധികം ഭീകരതയ്ക്കും നാശത്തിനും മരണത്തിനും കാരണമായിട്ടുണ്ട്. ഗാസയിലേക്ക് മാനുഷികസഹായം സുരക്ഷിതമായി എത്തിക്കണമെന്നും സാധാരണക്കാരുടെ സംരക്ഷണവും ഉറപ്പുവരുത്തണമെന്നും മാർപാപ്പ അഭ്യർഥിച്ചു.
ഗാസ നഗരം ഏറ്റെടുക്കാനുള്ള ഇസ്രയേൽ സർക്കാരിന്റെ പദ്ധതി നീതീകരിക്കാനാകാത്തതാണെന്ന് ജറൂസലെമിലെ ലാറ്റിൻ പാത്രിയാർക്കീസ് കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ലയും ജറൂസലെമിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് തിയോഫിലോസ് മൂന്നാമനും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ഗാസ മുനമ്പിന്റെ തെക്കു ഭാഗത്തേക്ക് സാധാരണക്കാരെ മാറ്റിപ്പാർപ്പിക്കാനുമുള്ള ഇസ്രയേൽ സർക്കാരിന്റെ തീരുമാനം നീതീകരിക്കാനാകാത്തതും അനാവശ്യവുമാണ്. സമീപദിവസങ്ങളിൽ വൻതോതിലുള്ള സൈനികനീക്കവും ആസന്നമായ ആക്രമണത്തിനുള്ള തയാറെടുപ്പുകളും മാധ്യമങ്ങൾ ആവർത്തിച്ചു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഗാസ നഗരത്തിലെ ചില ഭാഗങ്ങളിൽ ഒഴിപ്പിക്കൽ ഉത്തരവുകൾ ഇതിനകംതന്നെ നൽകിയിട്ടുണ്ട്. കനത്ത ബോംബാക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇപ്പോഴും ലഭിക്കുന്നു. നരകത്തിന്റെ വാതിലുകൾ തുറക്കുമെന്ന ഇസ്രയേൽ സർക്കാരിന്റെ പ്രഖ്യാപനം തീർച്ചയായും ദാരുണമായ അവസ്ഥയില് എത്തിക്കുമെന്ന് ആശങ്കയുണ്ടെന്നും സംയുക്തപ്രസ്താവനയിൽ പാത്രിയർക്കീസുമാർ പറഞ്ഞു.
അതേസമയം, ഗാസാ പ്രശ്നത്തിനു പരിഹാരമാർഗങ്ങൾ ഏറെയുണ്ടെങ്കിലും പലരുടെയും രാഷ്ട്രീയ, സാമ്പത്തിക, അധികാര താത്പര്യങ്ങളാണ് അതിനു തടസമായി നിൽക്കുന്നതെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ ചൂണ്ടിക്കാട്ടി.
ഗാസയിൽനിന്ന് ഒഴിഞ്ഞുപോകാൻ അവിടെയുള്ള ഓർത്തഡോക്സ് ഇടവകയിലെ വിശ്വാസികളോട് ആവശ്യപ്പെട്ടതിനെക്കുറിച്ചും പ്രദേശത്തുള്ള സമർപ്പിതരുടെയും ക്രൈസ്തവവിശ്വാസികളുടെയും സുരക്ഷയെ സംബന്ധിച്ചും സംസാരിക്കവേ, ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കേണ്ടത് ഓരോ വ്യക്തിയാണെന്നും എന്നാൽ അവിടെത്തന്നെ തുടരാനുള്ള ആളുകളുടെ തീരുമാനം ശക്തമായ ഒന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.