"മനുഷ്യത്വരഹിതം'; ലളിത് മോദിക്കെതിരേ ശ്രീശാന്തിന്റെ ഭാര്യ
Sunday, August 31, 2025 1:33 AM IST
ന്യൂഡൽഹി: 2008ലെ വിവാദമായ ഹർഭജൻ സിംഗ്- ശ്രീശാന്ത് ’തല്ലു കേസി’ന്റെ പൂർണമായ ദൃശ്യങ്ങൾ പുറത്തുവിട്ടതിൽ മുൻ ഐപിഎൽ കമ്മിഷണർ ലളിത് മോദിക്കെതിരേ രൂക്ഷവിമർശനവുമായി ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി.
കഴിഞ്ഞദിവസം മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കുമൊത്തുള്ള ബിയോണ്ട് 23 പോഡ്കാസ്റ്റിലൂടെയാണ് 18 വർഷം മുന്പുള്ള ഇതുവരെ ആരും കാണാത്ത വീഡിയോ ലളിത് മോദി പുറത്തുവിട്ടത്. സംഭവത്തിൽ മൈക്കൽ ക്ലാർക്കിനെതിരേയും ഭുവനേശ്വരി വിമർശനമുന്നയിച്ചു.
“ലളിത് മോദി, മൈക്കൽ ക്ലാർക്ക് നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു. ചീപ് പബ്ലിസിറ്റിക്കും വ്യൂസിനുമായി 2008ൽ നടന്ന ഒരു കാര്യത്തെ ഇപ്പോൾ വലിച്ചിഴച്ച നിങ്ങൾ മനുഷ്യനല്ല. ശ്രീശാന്തും ഹർഭജനും അതെല്ലാം മറന്ന് മുന്നോട്ടുപോയിരിക്കുകയാണ്. ഇന്ന് അവർ സ്കൂളിൽ പോകുന്ന കുട്ടികളുടെ അച്ഛൻമാരാണ്. എന്നിട്ടും നിങ്ങൾ അവരെ ആ പഴയ മുറിവിലേക്ക് വലിച്ചെറിയാൻ ശ്രമിക്കുകയാണ്. അത് തികച്ചും വെറുപ്പുളവാക്കുന്നതും ഹൃദയശൂന്യവും മനുഷ്യത്വരഹിതവുമാണ്”, ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഭുവനേശ്വരി കുറിച്ചു.