സർക്കാർ മേഖലയിലെ രണ്ടാമത്തെ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയം
Sunday, May 22, 2022 2:27 AM IST
തിരുവനന്തപുരം: സർക്കാർ മേഖലയിലെ രണ്ടാമത്തെ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന രൺദീപിനെ ഡിസ്ചാർജ് ചെയ്തു. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാണ് രൺദീപിനെ ഡിസ്ചാർജ് ചെയ്തത്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ സർജിക്കൽ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. സിന്ധു ഉൾപ്പെടെയുള്ള ടീം അംഗങ്ങളെ മന്ത്രി അഭിനന്ദിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ യാഥാർഥ്യമാക്കുകയാണ് അടുത്ത ലക്ഷ്യം. മെഡിക്കൽ കോളജ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സജ്ജമാണ്. രോഗികളെ അഡ്മിറ്റാക്കി ചികിത്സ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.