ഓഫീസ് തകർത്ത വിദ്യാർഥികളോടു പരിഭവമില്ല: രാഹുൽ ഗാന്ധി
Saturday, July 2, 2022 12:35 AM IST
കൽപ്പറ്റ: എസ്എഫ്ഐ അക്രമം നടന്ന കൈനാട്ടി ഓഫീസ് രാഹുൽഗാന്ധി എംപി സന്ദർശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നേകാലോടെയാണ് എംപി ഓഫീസിലെത്തിയത്.
എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ്, ജനറൽ സെക്രട്ടറി പി.എം.നിയാസ്, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, ഐ.സി.ബാലകൃഷ്ണൻ എംഎൽഎ തുടങ്ങിയവർ രാഹുലിനൊപ്പം ഉണ്ടായിരുന്നു.
അര മണിക്കൂറോളം ഓഫീസിൽ ചെലവഴിച്ച അദ്ദേഹം അക്രമത്തിനിടെ എസ്എഫ്ഐക്കാരുടെ മർദനമേറ്റ ഓഫീസ് ജീവനക്കാരൻ അഗസ്റ്റിൻ പുൽപ്പള്ളി, ഓഫീസിനു പുറത്തു സംഘർഷത്തിനിടെ ലാത്തിച്ചാർജിൽ പരിക്കേറ്റ കോണ്ഗ്രസ് പ്രവർത്തകരായ കെ.കെ. രാജേന്ദ്രൻ, ഡിന്റോ ജോസ്, ഗിരീഷ് കൽപ്പറ്റ, ബിൻഷാദ് മടക്കി എന്നിവരോടു കാര്യങ്ങൾ ചോദിച്ചറിഞ്ഞു. അക്രമം നടത്തിയതു വിദ്യാർഥികളായതുകൊണ്ടു പരിഭവമോ ദേഷ്യമോ ഇല്ലെന്ന് ഓഫീസിനു പുറത്തു മാധ്യമപ്രവർത്തകരുമായി സംസാരിക്കവെ രാഹുൽഗാന്ധി പറഞ്ഞു.
എംപി ഓഫീസ് തന്റേതുമാത്രമല്ല, വയനാട്ടിലെ മുഴുവൻ ജനങ്ങളുടേതുമാണ്. വിദ്യാർഥികളുടെ അരുതായ്മ പൊറുക്കാവുന്നതും മറക്കാവുന്നതുമാണ്. അക്രമം ഒന്നിനും പരിഹാരമല്ല. ഇക്കാര്യം എല്ലാവരും തിരിച്ചറിയണമെന്നും എംപി പറഞ്ഞു.