കുഴല്‍നാടന്റെ നിയമസ്ഥാപനത്തിനെതിരേ ആരോപണം ഉന്നയിച്ചിട്ടില്ല: സി.എന്‍. മോഹനന്
Friday, September 29, 2023 3:07 AM IST
കൊച്ചി: മാത്യു കുഴല്‍നാടന്റെ നിയമസ്ഥാപനത്തിനെതിരേ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ഇലക്ഷന് കമ്മീഷനു നല്കിയ തെറ്റായ സ്വത്തുവിവരങ്ങള്‍ അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും സി.എന്‍. മോഹനന് വക്കീല്‍ നോട്ടീസിന് മറുപടി നല്കി.
തങ്ങള്‍ക്കെതിരേ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവന പിന്‍വലിച്ചു മാപ്പു പറയണമെന്നും 2.5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെട്ട് കുഴല്‍നാടന്റെ നിയമസ്ഥാപനമായ കെഎംഎന്‍പി ലാ നല്കിയ വക്കീല്‍ നോട്ടീസിനു സുപ്രീംകോടതി അഭിഭാഷകനായ സി.കെ. ശശി മുഖേന നല്കിയ മറുപടിയിലാണ് സി.എന്‍. മോഹനന് ഇതു വ്യക്തമാക്കിയത്.
കുഴല്നാടന് സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചു. ഈ പൊള്ളയായ ആരോപണങ്ങളും ഇലക്ഷന് കമ്മീഷനില്‍ നല്കിയ കണക്കുകളിലെ വൈരുദ്ധ്യവും തുറന്നുകാട്ടാനാണ് പത്രസമ്മേളനം നടത്തിയത്.
നിയമസ്ഥാപനത്തിന് ദുബായില്‍ ഓഫീസുണ്ടെന്നു പറഞ്ഞിട്ടില്ല. കഠിനാധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും വിലയറിയാത്തവരാണ് ഫുള്‍ ടൈം രാഷ്ട്രീയക്കാരെന്ന് കുഴല്നാടന് ആരോപിച്ചു. കുഴല്‍നാടന്റെ സ്വത്തുവിവരങ്ങള്‍ സംബന്ധിച്ചു നേരത്തേയുന്നയിച്ച ആരോപണങ്ങളും മറുപടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.