പിഎസ്സി കോഴ വിവാദത്തിൽ ട്വിസ്റ്റ്;പ്രമോദിന് പണം കൊടുത്തിട്ടില്ല, പരാതി പറഞ്ഞിട്ടില്ലെന്നും വ്യാപാരി
Monday, July 15, 2024 3:18 AM IST
കോഴിക്കോട്: പിഎസ്സി കോഴ വിവാദത്തിൽ ആരോപണ വിധേയനായ സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിയെ പാർട്ടി പുറത്താക്കിയതിനു പിന്നാലെ, പ്രമോദ് കോട്ടൂളിക്ക് താൻ പണം കൊടുത്തിട്ടില്ലെന്നും പ്രമോദ് തന്റെ നല്ല സുഹൃത്താണെന്നും പരാതിക്കാരൻ ശ്രീജിത്ത്.
പുറത്താക്കിയതിനെത്തുടർന്ന് പ്രമോദും അമ്മയും ശ്രീജിത്തിന്റെ വീടിനു മുന്പിൽ ശനിയാഴ്ച പ്ലക്കാർഡുകളുമായി കുത്തിയിരിപ്പു സമരം നടത്തിയതിനു പിന്നാലെയാണ് പരാതിക്കാരനും ആരോപണവിധേയനും ഒറ്റക്കെട്ടായത്.
ചേവായൂരിലെ വ്യാപാരിയായ ശ്രീജിത്ത് ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട് പ്രമോദിന് 22 ലക്ഷം രൂപ നൽകിയെന്നായിരുന്നു നേതൃത്വത്തിനു ലഭിച്ച പരാതി. ആരോപണം ഉയർന്നതോടെ പണം തിരിച്ചുകൊടുത്ത് വിഷയം പാർട്ടിക്കുള്ളിൽതന്നെ പരിഹരിക്കാനായിരുന്നു ശ്രമം. എന്നാൽ വിഷയം നിയമസഭയിലടക്കം കോളിളക്കം സൃഷ്ടിച്ചതോടെ പ്രമോദിനെ പുറത്താക്കുകയായിരുന്നു.
പ്രമോദുമായി യാതൊരു പണമിടപാടും ഉണ്ടായിട്ടില്ലെന്നും പണം വാങ്ങി എന്നൊരു പരാതി ആർക്കും കൊടുത്തിട്ടില്ലെന്നുമാണ് ശ്രീജിത്ത് മാധ്യമപ്രവർത്തകരോടു പ്രതികരിച്ചത്.
പുറത്താക്കൽ നടപടി വന്നശേഷം, പണം ആർക്ക്, ആര്, എപ്പോൾ കൊടുത്തുവെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ നേതൃത്വത്തിനെതിരേ പ്രമോദ് കോട്ടൂളി പരസ്യമായി രംഗത്ത് എത്തിയിട്ടുണ്ട്.