രാജസ്ഥാനിലെ ആറ് ബിഎസ്പി എംഎൽഎമാരും കോൺഗ്രസിൽ ചേർന്നു
Wednesday, September 18, 2019 12:21 AM IST
ജയ്പുർ/ലക്നോ: രാജസ്ഥാനിലെ ആറ് ബിഎസ്പി എംഎൽഎമാരും കോൺഗ്രസിൽ ചേർന്നു. ഇതോടെ രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസിന്റെ അംഗസംഖ്യ 106 ആയി ഉയർന്നു. ഒരു ആർഎൽഡി അംഗവും 12 സ്വതന്ത്രരും സർക്കാരിനെ പിന്തുണയ്ക്കുന്നു.
രണ്ടു നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് ആറ് ബിഎസ്പി എംഎൽഎമാർ കോൺഗ്രസിലെത്തിയത്. രാജേന്ദ്ര സിംഗ് ഗുഥ, ജോഗേന്ദ്ര സിംഗ് അവാന, വജീബ് അലി, ലഖൻ സിംഗ് മീണ, സന്ദീപ് യാദവ്, ദീപ്ചന്ദ് എന്നിവരാണു കോൺഗ്രസിൽ ചേർന്നത്. ഇവർ തിങ്കളാഴ്ച രാത്രി സ്പീക്കർ സി.പി. ജോഷിയെ സന്ദർശിച്ച് കോൺഗ്രസിൽ ചേരാനുള്ള തീരുമാനം അറിയിക്കുകയായിരുന്നു.
കോൺഗ്രസിന്റെ നടപടി വഞ്ചനയാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി കുറ്റപ്പെടുത്തി. കോൺഗ്രസ് വിശ്വസിക്കാൻ കൊള്ളാത്ത പാർട്ടിയാണെന്ന് ഒരിക്കൽകൂടി തെളിയിച്ചുവെന്ന് മായാവതി പറഞ്ഞു.